Big stories

ബാബരി മസ്ജിദ്: അനീതിയുടെ 33 വർഷങ്ങൾ

ബാബരി മസ്ജിദ്: അനീതിയുടെ 33 വർഷങ്ങൾ
X

നാലു നൂറ്റാണ്ടിലധികം കാലം മുസ്‌ലിംകൾ ആരാധന നിർവഹിച്ച ബാബരി മസ്ജിദ് ഹിന്ദുത്വർ തകർത്തെറിഞ്ഞതിൻ്റെ 33ാമത് ഓർമ ദിനമാണ് ഡിസംബർ 6. രാജ്യത്തിൻ്റെ ജനാധിപത്യ-മതനിരപേക്ഷ സങ്കൽപ്പങ്ങളും ഭരണഘടനാ മൂല്യങ്ങളുമാണ് ബാബരിമസ്ജിദിൻ്റെ ഖുബ്ബകൾക്കൊപ്പം 1992 ഡിസംബർ 6ന് തകർന്നുവീണത്.

ലോകം വീർപ്പടക്കി നോക്കിനിൽക്കേയാണ്, വർഗീയോന്മാദം പൂണ്ട സംഘപരിവാര ക്രിമിനൽ സംഘങ്ങൾ, ഇന്ത്യൻ ഭരണകൂടത്തെയും നിയമവാഴ്ചയെയും നീതിന്യായ സംവിധാനങ്ങളെയും സുരക്ഷാ ഏജൻസികളെയും നോക്കുകുത്തികളാക്കി ഒരു ഞായറാഴ്ചയിലെ പട്ടാപ്പകലിൽ പള്ളി തകർത്തു തരിപ്പണമാക്കിയത്. ബിജെപിയുടെയും വിശ്വഹിന്ദുപരിഷത്തിൻ്റെയും ബജ്റങ് ദളിൻ്റെയും നേതാക്കളുടെ സാന്നിധ്യത്തിലാണ് അക്രമിക്കൂട്ടം മസ്ജിദ് ഇടിച്ചു നിരത്തിയത്.

വഞ്ചനയുടെയും നീതിനിഷേധങ്ങളുടെയും ചരിത്രമാണ് ബാബരി മസ്ജിദിനു പറയാനുള്ളത്. 1528ൽ നിർമിക്കപ്പെട്ട പള്ളിയിൽ 424 കൊല്ലം വിശ്വാസികൾ സുജൂദ് ചെയ്തു. 1949 ഡിസംബർ 22ൻ്റെ അർധരാത്രിയിൽ ഇരുളിൻ്റെ മറവിൽ അതിക്രമിച്ചു കയറി ഹിന്ദുത്വർ പള്ളിയുടെ മിഹ്റാബിൽ കുട്ടിരാമൻ്റെ വിഗ്രഹം സ്ഥാപിച്ചതോടെയാണ് മുസ്‌ലിംകൾക്ക് ബാബരി മസ്ജിദ് അന്യാധീനമായത്. 1885 മുതൽ 2019 വരെ നീണ്ടുനിൽക്കുന്ന

166 വർഷത്തെ നിയമയുദ്ധത്തിൻ്റെ ചരിത്രമുണ്ട് ബാബരിമസ്ജിദിന്. 2019 നവംബർ 9ന് ബാബരി കേസിൽ സുപ്രിംകോടതിയുടെ വിചിത്രവുമായ വിധിയിലൂടെ പള്ളിയിലും പള്ളിനിന്നിരുന്ന സ്ഥലത്തും മുസ്‌ലിംകൾക്കുണ്ടായിരുന്ന യഥാർഥ ഉടമാവകാശം ഹിന്ദുത്വ കക്ഷികൾക്ക് അന്യായമായി ലഭിച്ചു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്ന നിയമയുദ്ധവും ഏറ്റവും നെറികെട്ട കോടതി വിധിയുമായിരുന്നു ബാബരി കേസിലേത്.

ക്ഷേത്രം തകർത്തല്ല പള്ളി പണിതതെന്നും പള്ളിയിൽ മുസ്‌ലിംകൾ നമസ്കാരം നിർവഹിച്ചിരുന്നുവെന്നും പള്ളിക്കുള്ളിൽ വിഗ്രഹം വച്ചതും പള്ളി തകർത്തതും നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണ് എന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടും പള്ളി നിലനിന്നിരുന്ന സ്ഥലം കവർച്ചക്കാർക്ക് തന്നെ വിട്ടു കൊടുത്ത സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിൻ്റെ വിധി ബാബരി മസ്ജിദ് കാലങ്ങളായി നേരിട്ട വഞ്ചനയുടെയും അനീതിയുടെയും തുടർച്ചയായിരുന്നു.

ക്ഷേത്രം നിർമിക്കണമെന്ന ആവശ്യം ഹിന്ദു പക്ഷം പോലും ഉന്നയിക്കാതിരുന്നിട്ടും ഭരണഘടനയുടെ അനുച്ഛേദം 142 ൻ്റെ മറവിൽ പള്ളി നിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിർമിക്കണമെന്ന് സുപ്രിംകോടതി നിർദ്ദേശിച്ചു. മുസ്‌ലിംകൾക്ക് പള്ളി നിർമിക്കാൻ അഞ്ചേക്കർ സ്ഥലം കൊടുക്കാനും വിധിച്ചു. തെളിവുകൾക്കും നിയമത്തിനും പകരം വിശ്വാസവും കെട്ടുകഥകളും അടിസ്ഥാനമാക്കിയ വിചിത്രമായ കോടതി വിധി നിയമചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. അഞ്ചേക്കർ ഭൂമി എന്ന ഔദാര്യം മുസ്‌ലിംകൾ തള്ളിക്കളഞ്ഞപ്പോൾ ബാബരി ഭൂമിയിൽ ക്ഷേത്രനിർമാണം പൂർത്തിയാക്കി പ്രാണപ്രതിഷ്ഠയും നിർവഹിച്ചിരിക്കുകയാണ് ഹിന്ദുത്വർ.

ബാബരി മസ്ജിദിൻ്റെ തകർച്ചയിൽ മുഖ്യപ്രതി ഹിന്ദുത്വ പരിവാരം ആയിരിക്കുമ്പോൾ തന്നെ കോൺഗ്രസ് നേതൃത്വം കൊടുത്ത നരസിംഹ റാവു സർക്കാരും മതേതര കക്ഷികളും നീതിപീഠവുമെല്ലാം കൂട്ടുപ്രതികളാണെന്ന് കാണാം. ബാബരി മസ്ജിദ് തകർത്ത അക്രമികൾക്ക് തണലേകിയ നിയമ വ്യവസ്ഥയും ഭരണകൂട സംവിധാനങ്ങളും ഒടുവിൽ പരമോന്നത നീതിപീഠം പോലും മുസ്‌ലിംകളോട് പൊറുക്കാനാവാത്ത വഞ്ചനയാണ് കാട്ടിയത്.

ബാബരി മസ്ജിദ് കേസിലെ വിധി അനാരോഗ്യകരവും നിയമവിരുദ്ധവുമായ വ്യവഹാര പരമ്പരകൾക്ക് പുതിയ കീഴ്‌വഴക്കമാകുമെന്ന നിയമവിദഗ്ധരുടെ ആശങ്ക യാഥാർഥ്യമായി പുലർന്നിരിക്കുകയാണിപ്പോൾ. ബാബരിയിലൊതുങ്ങാതെ ഗ്യാൻവാപി മസ്ജിദിലേക്കും മറ്റനേകം പള്ളികളിലേക്കും അവകാശവാദവും കേസുകളും സർവേയും ഉദ്ഖനനവും ഒക്കെയായി ബാബരിയുടെ വഴിയിൽ തന്നെയാണ് ഹിന്ദുത്വ പരിവാരം. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിൻ്റെ സാധുത പോലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ബാബരിമസ്ജിദിൽ അവകാശവാദം ഉന്നയിച്ചതും പിടിച്ചെടുത്തതും തകർത്തെറിഞ്ഞതും ഭരണഘടനാ വിരുദ്ധമായും നിയമലംഘനത്തിലൂടെയും ആണെങ്കിൽ പാർലമെൻ്റിലെ ഭൂരിപക്ഷത്തിൻ്റെ ബലത്തിൽ അധികാരവും നിയമനിർമാണവും കോടതി വിധികളും വഴി പ്രാചീന നൂറ്റാണ്ടുകളിൽ പണികഴിപ്പിക്കപ്പെട്ട മുസ്‌ലിം പള്ളികളും സ്മൃതികുടീരങ്ങളും ദർഗകകളുമെല്ലാം കൈപ്പിടിയിലൊതുക്കുകയെക്ക് സംഘപരിവാരത്തിൻ്റെ ഭാവി പദ്ധതി.

Next Story

RELATED STORIES

Share it