Big stories

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കൊത്തുപണി നിര്‍ത്തിവച്ചതായി റിപോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരുന്ന 1990ലാണ് വിഎച്ച്പി ക്ഷേത്രത്തിനു വേണ്ടിയുള്ള കൊത്തുപണികള്‍ ആരംഭിച്ചത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍എസ്എസിനെയും വിഎച്ച്പിയെയും ആറുമാസത്തേക്ക് നിരോധിച്ചപ്പോഴും കൊത്തുപണികള്‍ തുടര്‍ന്നിരുന്നതായി അയോധ്യയിലെ സൂര്യ കുഞ്ഞ് സീതാരാം ക്ഷേത്രത്തിലെ സന്യാസിയായ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള കൊത്തുപണി നിര്‍ത്തിവച്ചതായി റിപോര്‍ട്ട്
X

അയോധ്യ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിനു വേണ്ടി മൂന്നുപതിറ്റാണ്ടോളമായി നടക്കുന്ന കൊത്തുപണികള്‍ നിര്‍ത്തിവച്ചതായി റിപോര്‍ട്ട്. നവംബര്‍ 17നുള്ളില്‍ ബാബരി ഭൂമി തര്‍ക്കക്കേസില്‍ വിധി വരാനിരിക്കെയാണ് നീക്കമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. 1990 മുതല്‍ അയോധ്യയിലെ നിര്‍മാണ്‍ കാര്യശാലയില്‍ നടന്നുകൊണ്ടിരുന്ന കല്ലിന്റെയും മാര്‍ബിളിന്റെയും കൊത്തുപണികളാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സംഘനേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് പണി നിര്‍ത്തിവച്ചതെന്നും ഇനി എപ്പോഴാണ് കൊത്തുപണികള്‍ ആരംഭിക്കുകയെന്ന കാര്യം രാമജന്മഭൂമി ന്യാസ് തീരുമാനിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി) വക്താവ് ശരദ് ശര്‍മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് കര്‍സേവകപുരത്ത് നിര്‍മാണ ജോലിയിലേര്‍പ്പെട്ടവര്‍ ഗുജറാത്തിലെ ഭുജിലേക്കും സൗരാഷ്ട്രയിലേക്കും മടങ്ങി. എന്നാല്‍, ക്ഷേത്രനിര്‍മാണത്തിനു വേണ്ടിയുള്ള സംഭാവന പിരിവ് കര്‍സേവകപുരത്തെ വിഎച്ച്പി ഡെസ്‌കില്‍ തുടരുകയാണ്.

ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവ് മുഖ്യമന്ത്രിയായിരുന്ന 1990ലാണ് വിഎച്ച്പി ക്ഷേത്രത്തിനു വേണ്ടിയുള്ള കൊത്തുപണികള്‍ ആരംഭിച്ചത്. ഇതുവരെയായി ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടി കല്ലിന്റെ പണി പൂര്‍ത്തിയാക്കിയെന്നാണ് വിഎച്ച്പി അവകാശപ്പെടുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് ആര്‍എസ്എസിനെയും വിഎച്ച്പിയെയും ആറുമാസത്തേക്ക് നിരോധിച്ചപ്പോഴും കൊത്തുപണികള്‍ തുടര്‍ന്നിരുന്നതായി അയോധ്യയിലെ സൂര്യ കുഞ്ഞ് സീതാരാം ക്ഷേത്രത്തിലെ സന്യാസിയായ യുഗല്‍ കിഷോര്‍ ശരണ്‍ ശാസ്ത്രി പറഞ്ഞു. പിന്നീട് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഗുജറാത്തില്‍ നിന്നും രാജസ്ഥാനില്‍ നിന്നും സ്ഥിരമായി അയോധ്യയിലേക്ക് കല്ലുകള്‍ ഇറക്കുമതി ചെയ്തിരുന്നു. കൊത്തുപണി ഇപ്പോള്‍ നിര്‍ത്തിവയ്ക്കാനുഴ്‌ഴ തീരുമാനത്തില്‍ സന്യാസിമാരും ഭക്തരും ഉള്‍പ്പെടെയുള്ളവര്‍ അതിശയം പ്രകടിപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

അതേസമയം, പണി നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാരില്‍ നിന്നു യാതൊരു വിധ സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും മുഖ്യശില്‍പ്പിയുടെ മരണത്തെ തുടര്‍ന്നാണ് നിര്‍ത്തിവച്ചതെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ പറഞ്ഞതായി ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു. 1990 ആഗസ്ത് 30 നാണ് കാര്യശാല നിലവില്‍ വന്നത്. 1997 മുതല്‍ ഇവിടെ കൊത്തുപണി തുടരുകയാണ്. ബാബരി മസ്ജിദ് ഭൂമി തര്‍ക്കപ്രദേശത്തുനിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്യശാല പ്രവര്‍ത്തിക്കുന്നത്.








Next Story

RELATED STORIES

Share it