Big stories

ബാബരി കേസ് 29ലേക്ക് മാറ്റി; ജസ്റ്റിസ് യു യു ലളിത് പിന്‍മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രിം കോടതിയുടെ തീരുമാനം ഏറെ നിര്‍ണായകമാവും

ബാബരി കേസ് 29ലേക്ക് മാറ്റി; ജസ്റ്റിസ് യു യു ലളിത് പിന്‍മാറി
X

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ഈമാസം 29ലേക്ക് മാറ്റി. അതിനിടെ, കേസ് പരിഗണിക്കാനിരിക്കെ അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു യു ലളിത് പിന്‍മാറി. അഭിഭാഷകനായിരിക്കെ കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ എതിര്‍ത്തതോടെയാണ് പിന്‍മാറ്റം. നേരത്തേ കല്ല്യാണ്‍ സിങ് യുപി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ബാബരി മസ്ജിദ് സംഘപരിവാരത്തിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വര്‍ തകര്‍ത്തത്. സംഭവത്തില്‍ കല്ല്യാണ്‍ സിങിനു വേണ്ടി നേരത്തേ യു യു ലളിത് ഹാജരായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ ഇന്ന് വാദം കേള്‍ക്കില്ലെന്നും തിയ്യതി മാത്രമേ പ്രഖ്യാപിക്കൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടും ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ആര്‍എസ്എസും വിഎച്ച്പിയും ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് സുപ്രിംകോടതി കേസ് പരിഗണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേസ് പരിഗണിക്കുമെന്നതിനാല്‍ സുപ്രിംകോടതിയിലും പരിസരത്തും സുരക്ഷയൊരുക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കണമെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. എന്നാല്‍ സുപ്രിംകോടതി വിധിക്കു മുമ്പ്

ഓര്‍ഡിനന്‍സ് കൊണ്ടുവരില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് സംഘപരിവാരത്തിന്റെ എതിര്‍പ്പിനിടയാക്കിയിരുന്നു. കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി തള്ളുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രിം കോടതിയുടെ തീരുമാനം ഏറെ നിര്‍ണായകമാവും. അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിരണ്ട് സെന്റ് ഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ അപ്പീലുകളാണ് പരിഗണിക്കേണ്ടത്. ഭരണപരമായ ഹരജിയായതിനാല്‍ ഭരണഘടനാ ബെഞ്ചിനു കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങുന്നതായിരുന്നു ഭരണഘടനാ ബെഞ്ച്. എന്നാല്‍ ജസ്റ്റിസ് യു യു ലളിത് പിന്‍മാറിയിരിക്കുകയാണ്. 16ാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരി ബാബറിന്റെ നിര്‍ദേശ പ്രകാരം നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ്, രാമക്ഷേത്രം തകര്‍ത്താണ് പണിതതെന്ന വാദം ഉന്നയിച്ചാണ് 1992 ഡിസംബര്‍ ആറിനു തകര്‍ത്തത്. വസ്തു അവകാശ കേസില്‍ അലഹാബാദ് ഹൈക്കോടതി 2010ലാണ് വിധി പ്രസ്താവിച്ചത്. സുന്നി വഖഫ് ബോര്‍ഡിനും, നിര്‍മോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി ഭൂമി മൂന്നായി വിഭജിച്ച് നല്‍കിയത് വിചിത്രമായ വിധിയെന്നായിരുന്നു നിയമവിദഗ്ധരുടെ അഭിപ്രായം. ഇതിനെതിരേ ഹിന്ദു-മുസ്്്‌ലിം സംഘടനകള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി 2011ല്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it