Big stories

ഹാഥ്‌റസ് കേസ്: അതീഖുര്‍റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം

ഹാഥ്‌റസ് കേസ്: അതീഖുര്‍റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
X

ലഖ്‌നോ: ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഹാത്‌റസിലേക്ക് പോവുന്നതിനിടെ യുപി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഗവേഷക വിദ്യാര്‍ഥി അതീഖുര്‍റഹ്മാന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അതീഖിന്റെ ഭാര്യ സഞ്ജിദ റഹ്മാന്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കുറച്ചുസമയം മുമ്പാണ് അഭിഭാഷകനില്‍ നിന്ന് വിവരം ലഭിച്ചതെന്ന് ഭാര്യ അറിയിച്ചു. അതേസമയം, ഇഡി കേസ് കൂടി നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ നിന്നിറങ്ങാനാവില്ല. യുഎപിഎ കേസില്‍ 30 മാസത്തിനു ശേഷമാണ് അതീഖുര്‍റഹ്മാന് ജാമ്യം ലഭിക്കുന്നത്. സമാനമായ കേസില്‍ അതീഖുര്‍റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം പോവുന്നതിനിടെ പിടികൂടി യുഎപിഎ, പിഎംഎല്‍എ കേസുകള്‍ ചുമത്തപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും കാബ് ഡ്രൈവര്‍ ആലമിനും ഈയിടെ ജാമ്യം കിട്ടിയിരുന്നു. ഇരുകേസുകളിലും ജാമ്യം ലഭിച്ച ശേഷം ജാമ്യവ്യവസ്ഥകള്‍ പ്രകാരം ഒന്നര മാസത്തോളം ഡല്‍ഹിയില്‍ കഴിഞ്ഞ് ഇന്നലെയാണ് സിദ്ദീഖ് കാപ്പന്‍ വീടണഞ്ഞത്. കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ഖജാഞ്ചിയായ അതീഖുര്‍റഹ്മാന്‍ യുപിയിലെ മുസഫര്‍നഗര്‍ സ്വദേശിയാണ്. മീററ്റിലെ ചൗധരി ചരണ്‍ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയന്‍സ് ഗവേഷക വിദ്യാര്‍ഥിയായ അതീഖുര്‍റഹ്മാന്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും പിന്നീട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു. സിദ്ദീഖ് കാപ്പന്‍, ജാമിഅ മില്ലിയ്യ പിജി വിദ്യാര്‍ഥി മസൂദ് അഹമ്മദ്, ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവര്‍ക്കൊപ്പമാണ് അതീഖുര്‍ റ്ഹമാനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയോര്‍ട്ടിക് റിഗര്‍ജിറ്റേഷന്‍ എന്ന ഹൃദയസംബന്ധമായ അസുഖമുള്ള അതീഖ 2007 മുതല്‍ ഡല്‍ഹി എയിംസില്‍ ചികിത്സ തേടുന്നുണ്ട്. മാസങ്ങള്‍ക്കുമുമ്പ് അതീഖുര്‍റഹ്മന്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനു ശേഷവും ജയിലിലടക്കുകയും തുടര്‍ചികില്‍സ നിഷേധിക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. അതിനിടെ, ഹാത്‌റസില്‍ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ പ്രതികളായി നാലുപേരില്‍ മൂന്നുപേരെയും ദിവസങ്ങള്‍ക്കു മുമ്പ് കോടതി വെറുതെവിട്ടിരുന്നു.

Next Story

RELATED STORIES

Share it