Big stories

പാലക്കാട്ട് മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് 8 മരണം

നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ പോവുന്നതിനിടെയാണ് അപകടം

പാലക്കാട്ട് മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് 8 മരണം
X

പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ ലോറിയും കൂട്ടിയിടിച്ച് 8 മരണം. ആംബുലന്‍സ് ഡ്രൈവറും യാത്രക്കാരുമാണ് മരണപ്പെട്ടത്. കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീര്‍(39), ഷൊര്‍ണൂര്‍ വാടാനാംകുറുശ്ശി സ്വദേശികളായ ഷാഫി(13), ഉമറുല്‍ ഫാറൂഖ്(20), ഫവാസ്, നാസര്‍, സുലൈമാന്‍, അയിലൂര്‍ സ്വദേശികളായ നിഖില്‍(26), വൈശാഖ് തുടങ്ങിയവരാണ് മരണപ്പെട്ടത്. മീന്‍ കയറ്റിയ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലോറിയും തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ലോറി റോഡില്‍ നിന്നു നീക്കാനാവാത്തതിനാല്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.


നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു ആംബുലന്‍സില്‍ പോവുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ഉച്ചയ്ക്കു മരപ്പാലത്തിനു സമീപം കൊക്കയിലേക്കു മറിഞ്ഞിരുന്നു. തുടര്‍ന്നു പരിക്കേറ്റവരെ നാട്ടുകാരാണ് കെഎസ്ആര്‍ടിസി ബസില്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്ന് സ്‌കാനിങ് ഉള്‍പ്പെടെയുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോവുമ്പോഴായിരുന്നു അപകടം. നെന്മാറയില്‍ പുതുതായി ആരംഭിച്ച സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ഷൊര്‍ണൂരില്‍ നിന്നെത്തിയ ബന്ധുക്കളില്‍ ചിലരും ആംബുലന്‍സില്‍ ഉണ്ടായിരുന്നതായാണു നാട്ടുകാര്‍ നല്‍കുന്ന വിവരം. അപകട വിവരമറിഞ്ഞ് പാലക്കാട് നിയുക്ത എംപി വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍ എംഎല്‍എ, മുന്‍ എംഎല്‍എ എം ബി രാജേഷ്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it