Big stories

ബുള്‍ഡോസര്‍ രാജ്: അസം സര്‍ക്കാരിന് സുപ്രിം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ബുള്‍ഡോസര്‍ രാജ്: അസം സര്‍ക്കാരിന് സുപ്രിം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
X

ന്യൂഡല്‍ഹി: കോടതി അനുമതിയില്ലാതെ പൊളിക്കരുതെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് 47 അസം നിവാസികള്‍ സമര്‍പ്പിച്ച ഹരജിയില്‍ അസം സര്‍ക്കാരിന് സുപ്രിം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്നും അടുത്ത വാദം കേള്‍ക്കുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും ഉത്തരവിട്ടത്. സുപ്രിം കോടതിയുടെ മുന്‍ ഉത്തരവ് അവഗണിച്ച് അധികാരികള്‍ തങ്ങളുടെ വീടുകള്‍ തകര്‍ത്തെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. കൂടാതെ തങ്ങളുടെ ഹരജികള്‍ പരിഹരിക്കുന്നത് വരെ തങ്ങള്‍ക്കെതിരേ നടപടിയെടുക്കില്ലെന്ന് സപ്തംബര്‍ 20ന് അസം അഡ്വക്കേറ്റ് ജനറല്‍ ഗുവാഹത്തി ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പ് ലഘിച്ചതായും വാദിച്ചു.

അസമിലെ കാംരൂപ് ജില്ലയിലെ കച്ചുതോലി പഥര്‍ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും 47 വീടുകളില്‍ ബുള്‍ഡോസര്‍ നടപടി സ്വീകരിച്ചിരുന്നു. യഥാര്‍ഥ ഭൂവുടമകളുമായുള്ള കരാര്‍ പ്രകാരം പതിറ്റാണ്ടുകളായി തങ്ങള്‍ അവിടെ താമസിക്കുന്നുണ്ടെന്ന് ഹരജിക്കാര്‍ വാദിച്ചു. അതേസമയം, തങ്ങള്‍ നിയമ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും ആദിവാസി ഭൂമിയിലെ 'അനധികൃത കൈവയേറ്റം' എന്ന സംസ്ഥാനത്തിന്റെ വാദത്തെയും ഹരജിക്കാര്‍ എതിര്‍ത്തു.

താമസക്കാര്‍ക്ക് ഒഴിയാന്‍ ഒരു മാസത്തെ കാലാവധിയുള്ള ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ പ്രോട്ടോക്കോളുകള്‍ അധികൃതര്‍ ലംഘിച്ചെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, നിയമത്തിന് മുന്നില്‍ തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 പ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണിത്. താമസക്കാര്‍ക്ക് ന്യായമായ സമയം നല്‍കാതെയുമാണ് വീടും ഉപജീവനമാര്‍ഗവും പൊളിച്ചത്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഹനിച്ചു. പൊതുറോഡുകള്‍, നടപ്പാതകള്‍, റെയില്‍വേ ലൈനുകള്‍, ജലാശയങ്ങള്‍ എന്നിവയിലെ കൈയേറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒഴികെ, മുന്‍കൂര്‍ ജുഡീഷ്യല്‍ അനുമതിയില്ലാതെ രാജ്യത്തുടനീളം പൊളിക്കുന്നത് നിരോധിച്ചുകൊണ്ട് സുപ്രിംകോടതിയുടെ സപ്തംബര്‍ 17ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഉത്തരവിനു വില കല്‍പ്പിക്കാതെയാണ് ബിജെപി ഭരിക്കുന്ന അസമില്‍ നോട്ടീസ് പോലും നല്‍കാതെ അടയാളപ്പെടുത്തി വീടുകള്‍ പൊളിച്ചത്. ഇതിനെതിരേയാണ് കോടതിയലക്ഷ്യ ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it