Big stories

സചിനെ അപമാനിച്ച് അര്‍ണബ് ഗോസ്വാമി, ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോക്ക്; ഹാഷ് ടാഗ് കാംപയിന്‍

സചിന് രണ്ട് പോയിന്റുകളുണ്ടാക്കി അത് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാം

സചിനെ അപമാനിച്ച് അര്‍ണബ് ഗോസ്വാമി, ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോക്ക്; ഹാഷ് ടാഗ് കാംപയിന്‍
X

മുംബൈ: ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിന്‍ ടെന്‍ഡുല്‍ക്കറെയും സുനില്‍ഗാവസ്‌കറെയും ചാനല്‍ ചര്‍ച്ചയ്ക്കിടെ അപമാനിച്ച റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ പ്രതിഷേധം. ചാനല്‍ ചര്‍ച്ചയ്ക്കിടെ അതിഥികള്‍ ഇറങ്ങിപ്പോയതിനു പുറമെ സാമൂഹികമാധ്യമങ്ങളില്‍ ഹാഷ് ടാഗ് കാംപയിനും തുടങ്ങി. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായി ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കരുതെന്ന ചിലരുടെ ആവശ്യത്തെ എതിര്‍ക്കുകയും, പാകിസ്താനെ കളിച്ച് തോല്‍പിക്കുകയാണ് വേണ്ടതെന്നുമാണ് മുന്‍ നായകരായ സചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഗാവസ്‌കറും അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക് ടിവിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഷെയിം ഓണ്‍ ആന്റിനാഷനല്‍ എന്ന ഹാഷ്ടാഗിലാണ് സച്ചിനെയും ഗാവസ്‌കറേയും അര്‍ണബ് വിശേഷിപ്പിച്ചത്. 'ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സചിന്‍ 100 ശതമാനവും തെറ്റാണ്. വല്ല ബോധവുമുണ്ടെങ്കില്‍ പാകിസ്താനോട് ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് ആദ്യം പറയേണ്ടിയിരുന്നത് അദ്ദേഹമാണ്. ഗാവസ്‌കറാണ് ഇക്കാര്യം രണ്ടാമത് പറയേണ്ടത്. ഇവര്‍ രണ്ടുപേരും പറയുന്നത് നമുക്ക് രണ്ട് പോയിന്റ് വേണമെന്നാണ്. രണ്ടുപേരുടേയും നിലപാട് തെറ്റാണ്. നമുക്ക് രണ്ട് പോയിന്റിന്റെ ആവശ്യമില്ല, മറിച്ച് രക്തസാക്ഷികളുടെ ജീവന് പ്രതികാരം ചെയ്യുകയാണ് വേണ്ടത്. സചിന് രണ്ട് പോയിന്റുകളുണ്ടാക്കി അത് ഡസ്റ്റ്ബിന്നില്‍ നിക്ഷേപിക്കാം.' എന്നായിരുന്നു അര്‍ണാബ് ഗോസ്വാമിയുടെ പരാമര്‍ശം. ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നവരും ഇന്ത്യാവിരുദ്ധരുമായ രണ്ട് കൂട്ടരാണ് നിലവില്‍ രാജ്യത്തുള്ളവരെന്നും അര്‍ണബ് ആക്ഷേപിച്ചു. ഇതോടെ അര്‍ണബിന്റെ വാദങ്ങളോട് യോജിക്കാനാവില്ലെന്നു പറഞ്ഞ് സുധീന്ദ്ര കുല്‍ക്കര്‍ണിയും ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ഘോഷും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. 'നിങ്ങള്‍ സചിനെയും ഗാവസ്‌കറെയും രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് പറഞ്ഞാണ് സുധീന്ദ്ര കുല്‍ക്കര്‍ണി ഇറങ്ങിപ്പോയത്. 'നിങ്ങളുടെ ബോസ് പുല്‍വാമ ആക്രമണ സമയം ഡോക്യുമെന്ററി ഷൂട്ടിങ്ങിലായിരുന്നു. എന്തുകൊണ്ട് അതിനെ ചോദ്യംചെയ്യുന്നില്ലെന്നായിരുന്നു അശുതോഷിന്റെ ചോദ്യം. അതിഥികള്‍ നിലപാട് കടുപ്പിച്ചതോടെ അര്‍ണാബ് മലക്കം മറിയുകയും

സചിനെ രാജ്യദ്രോഹിയെന്ന് വിളിച്ചിട്ടില്ലെന്നും അവരാണ് പാകിസ്താനെതിരേ കളിക്കരുതെന്ന് ആദ്യം ആവശ്യപ്പെടേണ്ടിയിരുന്നതെന്നാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരങ്ങളായ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും ഹര്‍ഭജന്‍സിങും ഉള്‍പ്പെടെയുള്ളവര്‍ ലോകകപ്പില്‍ നിന്ന് പാകിസ്താനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മല്‍സരം നടക്കേണ്ടത്. ലോകകപ്പില്‍ ഇന്ത്യ പാകിസ്താനുമായി കളിക്കണമെന്ന് സചിനും ഗാവസ്‌കറും പറഞ്ഞിരുന്നു. ലോകകപ്പില്‍ ഇന്ത്യ എല്ലായ്‌പ്പോഴും പാകിസ്താനെ തോല്‍പ്പിക്കാറുണ്ടെന്നും ഒരിക്കല്‍ കൂടി പരാജയപ്പെടുത്താനുള്ള സമയമാണിതെന്നുമായിരുന്നു സചിന്‍ പറഞ്ഞിരുന്നു. കളി ഉപേക്ഷിച്ച് രണ്ട് പോയിന്റ് ഇന്ത്യ പാക്കിസ്താന് നല്‍കുന്നതിനെ എതിര്‍ത്ത സചിന്‍ ഇത് തന്റെ അഭിപ്രായമാണെന്നും രാജ്യം എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്നും സചിന്‍ പറഞ്ഞിരുന്നു. ബഹിഷ്‌കരിക്കുകയല്ല, കളിച്ചു തോല്‍പിക്കുകയാണു വേണ്ടതെന്നായിരുന്നു ഗാവസ്‌കറുടെ നിലപാട്.




Next Story

RELATED STORIES

Share it