Big stories

ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും പോലിസ് അതിക്രമം; നിരവധി പേര്‍ക്ക് പരിക്ക്‌

സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും പോലിസ് അതിക്രമം;  നിരവധി പേര്‍ക്ക് പരിക്ക്‌
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രകടനം നയിച്ച ജാമിഅ മില്ലിയ വിദ്യാര്‍ഥികള്‍ക്ക് നേരെ വീണ്ടും ഡല്‍ഹി പോലിസ് അതിക്രമം. മാര്‍ച്ചില്‍ പങ്കെടുത്ത പത്തിലധികം വിദ്യാര്‍ഥിനികളെ പുരുഷ പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്തില്‍കയറിപ്പിടിച്ച പോലിസ് വസ്ത്രം വലിച്ച് കീറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരിക്കേറ്റവരെ ജാമിഅയിലെ ആരോഗ്യ കേന്ദ്രത്തിലും ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി പ്രതിഷേധക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു.


കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായ മസൂദ് ഖാന്‍, മലയാളി വിദ്യാര്‍ഥിനി ആദില എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടും. പരിക്ക് ഗുരുതരമായതിനാല്‍ ചില വിദ്യാര്‍ഥിനികളെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി അല്‍ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം വിദ്യാര്‍ഥിനികള്‍ക്കാണ് സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റത്. ആദ്യം ജാമിഅ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ഇവരെ പിന്നീട് അല്‍ഷിഫയിലേക്ക് മാറ്റുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്ക് ആന്തരിക അവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പോലിസുകാര്‍ വിദ്യാര്‍ഥിനികളുടെ ബുര്‍ഖയും തട്ടവും ബലമായി അഴിച്ചതിനു ശേഷമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. വനിതാ പോലിസുകാരുടെ അഭാവത്തിലായിരുന്നു പുരുഷ പോലിസുകാര്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേ അതിക്രമം അഴിച്ചുവിട്ടത്.


സര്‍വകലാശാല പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഓഖ്‌ലയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിനു സമീപം പോലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്. നിരവധി പേരാണ് മാര്‍ച്ചില്‍ പങ്കാളികളായത്.'ഭരണഘടന നല്‍കിയ അധികാരത്തോടെ ഞങ്ങള്‍ മാര്‍ച്ച് ചെയ്യും' എന്ന മുദ്രാവാക്യത്തോടെയായിരുന്നു വിദ്യാര്‍ഥികളുടെ പ്രകടനം. അതേസമയം മാര്‍ച്ചിന് ജാമിയ നഗര്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഉപേന്ദ്ര സിങ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും സമരവുമായി ഇവര്‍ മുന്നോട്ടു പോവുകയായിരുന്നു.



Next Story

RELATED STORIES

Share it