Big stories

ആലോക് വര്‍മയെ സിബിഐ തലപത്തു നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ രണ്ടുദിവസമായി ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ആലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്.

ആലോക് വര്‍മയെ സിബിഐ തലപത്തു നിന്ന് നീക്കി
X

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ വീണ്ടും നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ രണ്ടുദിവസമായി ചേര്‍ന്ന ഉന്നതാധികാര സമിതി യോഗമാണ് ആലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്ന് നീക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെയുടെ എതിര്‍പ്പ് തള്ളിയാണ് ഉന്നതാധികാര സമിതിയുടെ തീരുമാനം. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ചൊവ്വാഴ്ചയാണ് സുപ്രിംകോടതി റദ്ദാക്കിയത്. തുടര്‍ന്ന് ചുമതലയേറ്റ ആലോക് വര്‍മ സിബിഐയില്‍ നിര്‍ണായക അഴിച്ചുപണികള്‍ നടത്തിവരവെയാണ് വീണ്ടും സ്ഥാനചലനം. താല്‍ക്കാലിക സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു തന്റെ വിശ്വസ്തരെ സ്ഥലംമാറ്റിയ ഉത്തരവുകള്‍ പൂര്‍ണമായും റദ്ദാക്കുകയാണ് ആലോക് വര്‍മ ആദ്യം ചെയ്തത്. പിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കേസുകളുടെ അന്വേഷണം പുതിയ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

സുപ്രിംകോടതി ഉത്തരവുപ്രകാരം ഡയറക്ടര്‍ പദവിയിലേക്ക് മടങ്ങിയെത്തിയ ആലോക് വര്‍മയ്‌ക്കെതിരായ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതികാര നടപടി വീണ്ടും രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ആലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ ഉന്നതാധികാര സമിതി ഒരാഴ്ചയ്ക്കകം യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുക്കണമെന്ന്് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെയും ഇന്നുമായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സമിതി യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നവരടങ്ങുന്നതാണ് ഉന്നതാധികാര സമിതി. നേരത്തേ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറിയിരുന്നു. ഇതെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എ കെ സിക്രിയാണ് ഇന്നും ഇന്നലെയും ചേര്‍ന്ന യോഗങ്ങളില്‍ സംബന്ധിച്ചത്. നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് ആലോക് വര്‍മയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉള്‍പ്പോരിനെത്തുടര്‍ന്നാണ് അര്‍ധരാത്രിയില്‍ കേന്ദ്രസര്‍ക്കാര്‍ വര്‍മയെ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനെതിരേ ഹരജിയുമായി ആലോക് വര്‍മ സുപ്രിംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കുകയായിരുന്നു. സിബിഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് രാഷ്ട്രീയവിവാദത്തിന് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it