Big stories

അലിഗഢില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് നരനായാട്ട്; വെടിവയ്പൂം ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും; സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കൊട്‌വാലി പോലിസ് സ്‌റ്റേഷനിലേക്കുള്ള മുഹമ്മദലി റോഡില്‍ 48 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിവന്ന സ്ത്രീകളേയും കുട്ടികളേയും പോലിസ് നീക്കംചെയ്യാന്‍ ശ്രമിച്ചതോടെയാണ് മേഖല യുദ്ധക്കളമായത്.

അലിഗഢില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ പോലിസ് നരനായാട്ട്;  വെടിവയ്പൂം ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും;   സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്
X

അലിഗഢ്: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ പൗരത്വ നിയമത്തിനെതിരേ സമരം ചെയ്യുന്നവര്‍ക്കു നേരെ യൂപി പോലിസിന്റെ നരനായാട്ട്. ഓള്‍ഡ് സിറ്റി ഏരിയയില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കൊട്‌വാലി പോലിസ് സ്‌റ്റേഷനിലേക്കുള്ള മുഹമ്മദലി റോഡില്‍ 48 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തിവന്ന സ്ത്രീകളേയും കുട്ടികളേയും പോലിസ് നീക്കംചെയ്യാന്‍ ശ്രമിച്ചതോടെയാണ് മേഖല യുദ്ധക്കളമായത്.

സമരം നീക്കം ചെയ്യാനെത്തിയ പോലിസിനെ തടഞ്ഞതോടെ പോലിസ് ബലം പ്രയോഗിക്കുകയായിരുന്നു. ഇതിനിടെ, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കുനേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. വെടിവയ്പുണ്ടായതായും റിപോര്‍ട്ടുകളുണ്ട്. പോലിസ് അതിക്രമത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വിവാദമായ പൗരത്വ ഭേദഗതിക്കെതിരെ ഒരു മാസത്തോളമായി ശാഹീന്‍ബാഗ് മാതൃകയില്‍ കുത്തിയിരിപ്പ് സമരം നടന്നുവരുന്ന നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. ഇതോടെ, മഴയില്‍നിന്നു രക്ഷതേടി ടെന്റുകള്‍ കെട്ടാന്‍ അനുമതി തേടി കുത്തിയിരിപ്പ് സമരം നടത്തുന്നവര്‍ പോലിസിനെ സമീപിച്ചെങ്കിലും അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ മുഹമ്മദലി റോഡില്‍ 48 മണിക്കൂര്‍ ധര്‍ണ നടത്താന്‍ തീരുമാനിക്കുകയും ഇവിടെ കുത്തിയിരുന്നു പ്രതിഷേധിക്കുകയുമായിരുന്നു. ഇവരെ മാറ്റാന്‍ ശ്രമിച്ചതിനു പിന്നാലെയാണ് പോലിസ് ്അതിക്രമം അഴിച്ചുവിട്ടത്.

കൊട്‌വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അപ്പര്‍കോട്ട് ഏരിയയില്‍ തീവയ്പ് നടത്തുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ കല്ലെറിയുകയും ചെയ്ത പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചതായി പോലിസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്.സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഉത്തര്‍പ്രദേശ് പോലീസിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെ (RAF) സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചത് അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. സമാധാന യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തതായും ജുമാ മസ്ജിദിലെ ഇമാം ഉള്‍പ്പെടെയുള്ള മുസ്‌ലിം സമുദായ നേതാക്കളോട് മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടതായും അലിഗഢ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it