Big stories

ആദിവാസി പെണ്‍കുട്ടിയുമായി പ്രണയം; മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

ഗുജറാത്തിലെ ഭറൂചി ജില്ലയിലെ ജഗദിയ താലൂക്കിലാണ് 18 വയസ്സുകാരനായ യുവാവ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ മരിച്ചത്

ആദിവാസി പെണ്‍കുട്ടിയുമായി പ്രണയം; മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു
X

അഹമ്മദാബാദ്: ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നതിനെ ചൊല്ലി സംഘര്‍ഷാവസ്ഥ. ഗുജറാത്തിലെ ഭറൂചി ജില്ലയിലെ ജഗദിയ താലൂക്കിലാണ് 18 വയസ്സുകാരനായ യുവാവ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധക്കള്‍ ഉള്‍പ്പെടെ ബോറിദ്ര വില്ലേജ് നിവാസികളായ അജയ് വാസവ, വിജയ് വാസവ, അക്ഷയ് വാസവ, ദിനേശ് വാസവ എന്നിവരെ തിരിച്ചറിഞ്ഞതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡെപ്യൂട്ടി സൂപ്രണ്ട് എല്‍ കെ സല പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ധാരോളി വില്ലേജിലുള്ള 18 വയസ്സുകാരനാണ് അയല്‍പ്രദേശമായ ബോറിദ്ര വില്ലേജിലെ ആദിവാസി പെണ്‍കുട്ടിയുമായി പരിചയത്തിലായത്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി പെണ്‍കുട്ടി യുവാവുമായി ബന്ധപ്പെട്ടിരുന്നില്ല. ഇതുകാരണം പെണ്‍കുട്ടിയെ കാണാനായി യുവാവ് അവളുടെ ഗ്രാമത്തിലേക്കു പോവുന്നതിനിടെ, ബന്ധുക്കള്‍ പിടികൂടി ഇരുമ്പുവടികളും വിറകുകൊള്ളികളും കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പുതുതായി വാങ്ങിയ കെടിഎം ബൈക്കില്‍ മുസ്‌ലിം യുവാവ് വ്യാഴാഴ്ച ധാരോളിയിലെ പിതാവിന്റെ ചിക്കന്‍ സ്റ്റാളില്‍നിന്ന് പോയതായിരുന്നു. പ്രദേശവാസിയായ സുഹൃത്ത് വിരല്‍ വാസവയ്‌ക്കൊപ്പം സഹോദരിഭര്‍ത്താവ് മോയിന്‍ പട്ടേലിന്റെ അങ്കിലേശ്വറിലുള്ള വീട്ടിലേക്കാണ് പോയത്. യുവാവ് രാത്രിയായിട്ടും തിരിച്ചുവന്നില്ല. വിരല്‍ വാസവയാവട്ടെ നേരത്തേ തിരിച്ചുപോവുകയും ചെയ്തു. രാത്രി യുവാവിന്റെ ജ്യേഷ്ഠ സഹോദരന് ബോറിദ്രയ്ക്കടുത്തുള്ള കുര്‍ച്ചി വില്ലേജില്‍നിന്നുള്ള അതുല്‍ വാസവ എന്നയാള്‍ ഫോണില്‍ വിളിച്ചു. താങ്കളുടെ സഹോദരനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുന്നുണ്ടെന്നായിരുന്നു വിളിച്ചുപറഞ്ഞത്. ഉടന്‍ സഹോദരനും പിതാവും സ്ഥലത്തെത്തിയെങ്കിലും റോഡരികില്‍ രക്തത്തില്‍ കുളിച്ച് അവശനിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ ബറൂച്ചിലെ ജയാബെന്‍ മോദി ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നു രാത്രിതന്നെ യുവാവിനെ സൂറത്തിലെ മഹാവിര്‍ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ അജയ് വാസവ, വിജയ് വാസവ, അക്ഷയ് വാസവ, ദിനേശ് വാസവ, വികാസ് വാസവ എന്നിവര്‍ക്കും മറ്റു അഞ്ചുപേര്‍ക്കുമെതിരേ ജഗദിയ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലിസ് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ വച്ച് യുവാവ് മരണപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കെതിരേ കൊലപാതകത്തിനു കേസെടുത്ത് പോലിസ് അന്വേഷണം തുടങ്ങി. യുവാവിന്റെ മരണവാര്‍ത്ത കാട്ടുതീ പോലെ പരന്നതോടെ, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ധാരോളി, ബോറിദ്ര വില്ലേജുകളില്‍ വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഗ്രാമവാസികളും ബന്ധുക്കളും ആദിവാസികളും ഉള്‍പ്പെടെ നിരവധി പേരാണ് സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.



Next Story

RELATED STORIES

Share it