Big stories

ഏക സിവില്‍കോഡ് ബില്‍ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം

ഏക സിവില്‍കോഡ് ബില്‍ ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്രനീക്കം
X

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ച് നിയമമാക്കാനാണ് നീക്കമെന്നാണ് സൂചന. ഇതുസംബന്ധിച്ച് പുതിയ നിയമ കമ്മിഷന്‍ റിപോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. ബിജു ജനതാദള്‍ പിന്തുണയ്ക്കുമെന്നതിനാല്‍ രാജ്യസഭയിലും ബില്‍ പാസ്സാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി സര്‍ക്കാര്‍. അതേസമയം, നേരത്തേയുണ്ടായിരുന്ന നിയമകമ്മീഷനില്‍ നിന്നു ഭിന്നമായി ഏക സിവില്‍ കോഡിന് അനുകൂലമായ നടപടിയാണ് പുതിയ നിയമ കമ്മീഷന്‍ സ്ീകരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏകസിവില്‍ കോഡിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഉത്തരാഖണ്ഡും അസമുമാണ് മുന്നില്‍ നില്‍ക്കുന്നത്. സുപ്രിം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് രഞ്ജന പി ദേശായിയുടെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രൂപീകരിച്ച സമിതി വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. നാളെ ഡല്‍ഹിയില്‍ സമിതി ദേശീയ തലസ്ഥാന മേഖലയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡ് നിവാസികളുമായും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് ഉത്തരാഖണ്ഡിലെ പുഷ്‌കര്‍ സിങ് ധാമി സര്‍ക്കാരിനു കീഴിലുള്ള സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. ഒരിടത്ത് നടപ്പാക്കിക്കഴിഞ്ഞാല്‍ അതുസംബന്ധിച്ച പ്രതികരണങ്ങള്‍ അറിയാന്‍ കഴിയുമെന്നതിനാലാണ് സംസ്ഥാനങ്ങളെ തിരഞ്ഞെടുത്തത്. പുതിയ നിയമ കമ്മിഷനുമായി കഴിഞ്ഞ ദിവസം സമിതി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രകടനപത്രികയില്‍ രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമായതിനാല്‍ അവ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ഊര്‍ജ്ജിത നീക്കം നടത്തുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏക സിവില്‍ കോഡിനെതിരേ ശക്തമായ പ്രതികരണമുണ്ടായേക്കുമെന്നാണ് കേന്ദ്രം ഭയക്കുന്നത്. മിസോറം നിയമസഭ പ്രമേയവും പാസാക്കിയിരുന്നു. ഏകസിവില്‍ കോഡ് ആവശ്യമുള്ളതോ അഭികാമ്യമോ അല്ലെന്നായിരുന്നു മുന്‍ നിയമ കമ്മിഷന്റെ നിലപാട്. വിവാദമായ രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തിലും മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായിരുന്നു നിയമ കമ്മീഷന്‍. എന്നാല്‍, പുതിയ കമ്മിഷന്‍ രാജ്യദ്രോഹ വ്യവസ്ഥകളുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിന് അനുകൂലമായാണ് രംഗത്തെത്തിയത്. ഇതുതന്നെ ഏകസിവില്‍ കോഡ് നയത്തിലും ഉണ്ടാവുമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ധൃതിപിടിച്ച നീക്കത്തിനു പിന്നിലെന്നും സൂചനയുണ്ട്.

Next Story

RELATED STORIES

Share it