Big stories

പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും; സെക്കന്തരാബാദില്‍ ട്രെയിനിന് തീയിട്ടു, പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിവയ്പ്പ്

പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും; സെക്കന്തരാബാദില്‍ ട്രെയിനിന് തീയിട്ടു, പ്രതിഷേധക്കാര്‍ക്ക് നേരെ പോലിസ് വെടിവയ്പ്പ്
X

ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. സ്‌റ്റേഷനകത്തെ സ്റ്റാളുകളും ഓഫിസിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അഗ്‌നിപഥിനെ ചൊല്ലി വടക്കേ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാണെങ്കിലും ഇതുവരെ തെക്കേ ഇന്ത്യയെ ബാധിച്ചിരുന്നില്ല.

അതേസമയം വടക്കേ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും ട്രെയിനുകള്‍ കത്തിച്ചു. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു. രണ്ട് സ്‌റ്റേഷനുകളിലും നിര്‍ത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ലഖിസരായിയില്‍ ജമ്മുതാവി ഗുവാഹത്തി എക്‌സ്പ്രസിനും വിക്രംശില എക്‌സ്പ്രസിനുമാണ് അക്രമികള്‍ തീയിട്ടത്. ബിഹാറിലെ ആര റെയില്‍വേ സ്‌റ്റേഷനിലും അക്രമികള്‍ അഴിഞ്ഞാടി. സ്‌റ്റേഷന്‍ അടിച്ച് തകര്‍ത്തു. ബിഹാറിലെ സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക്‌സര്‍, ലഖിസരായി, ലാക്മിനിയ എന്നിവിടങ്ങളില്‍ റെയില്‍വേ ട്രാക്കിനും അക്രമികള്‍ തീയിട്ടു.

ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിഹാറില്‍ അക്രമം നടത്തുന്നത് ആര്‍ജെഡി ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു. രേണു ദേവി പാറ്റ്‌നയിലാണെന്നും വീടിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായും മകന്‍ പ്രതികരിച്ചു.

ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വേ സ്‌റ്റേഷനിലും ആക്രമണം ഉണ്ടായി. നിര്‍ത്തിയിട്ട ട്രെയിന്‍ അടിച്ചു തകര്‍ത്തു. സ്‌റ്റേഷന്‍ നൂറിലധികം പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഫിറോസാബാദില്‍ സര്‍ക്കാര്‍ ബസുകളും തകര്‍ത്തു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പോലിസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്ഗഡിലും പ്രതിഷേധം ഉണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് പല്‍വലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധികൃതര്‍ വിച്ഛേദിച്ചു. പദ്ധതിക്കെതിരെ ദില്ലി ഐടിഒ യിലും പ്രതിഷേധം ഉണ്ടായി. വിദ്യാര്‍ത്ഥി സംഘടനയായ ഐസയും AAP യുടെ വിദ്യാര്‍ത്ഥിസംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അഗ്‌നിപഥിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പദ്ധതി വലിയൊരു ഭാഗം യുവാക്കള്‍ക്ക് ഗുണകരമാകുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യ സേവനത്തിന് ഒപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയും ഉണ്ടാകും. കൊവിഡ് വ്യാപനം റിക്രൂട്ട്‌മെന്റ് നടപടികളെ ബാധിച്ചതിനാലാണ് അഗ്‌നിപഥ് അവതരിപ്പിച്ചത്. പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമെന്നും അമിത് ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it