അസം പൗരത്വ രജിസ്റ്ററില്‍നിന്ന് ഒരുലക്ഷം പേര്‍ കൂടി പുറത്ത്

കഴിഞ്ഞവര്‍ഷം ജുലൈ 30ന് പുറത്തിറക്കിയ കരടുപട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് ഒരുലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്. പുതുക്കിയ കരട് പൗരത്വ രജിസ്റ്റര്‍ എന്‍ആര്‍സിയുടെ വെബ്‌സൈറ്റില്‍ ഇന്നാണ് പ്രസിദ്ധീകരിച്ചത്. പട്ടികയില്‍നിന്ന് പുറത്താക്കിയ വിവരം വ്യക്തികളുടെ വീട്ടുവിലാസത്തില്‍ കത്തിലൂടെ അറിയിക്കും.

അസം പൗരത്വ രജിസ്റ്ററില്‍നിന്ന് ഒരുലക്ഷം പേര്‍ കൂടി പുറത്ത്

ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) നിന്ന് 1.02 ലക്ഷം ആളുകള്‍കൂടി പുറത്തായി. കഴിഞ്ഞവര്‍ഷം ജുലൈ 30ന് പുറത്തിറക്കിയ കരടുപട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷമാണ് ഒരുലക്ഷം ആളുകളെക്കൂടി പുറത്താക്കിയത്. പുതുക്കിയ കരട് പൗരത്വ രജിസ്റ്റര്‍ എന്‍ആര്‍സിയുടെ വെബ്‌സൈറ്റില്‍ ഇന്നാണ് പ്രസിദ്ധീകരിച്ചത്. പട്ടികയില്‍നിന്ന് പുറത്താക്കിയ വിവരം വ്യക്തികളുടെ വീട്ടുവിലാസത്തില്‍ കത്തിലൂടെ അറിയിക്കും. ഇവര്‍ക്ക് ആക്ഷേപമുണ്ടെങ്കില്‍ ജൂലൈ 11ന് അംഗീകൃത എന്‍ആര്‍സി ഹെല്‍പ് സെന്ററുകളില്‍ പരാതി നല്‍കാന്‍ അവസരമുണ്ടായിരിക്കുമെന്ന് എന്‍ആര്‍സി അധികൃതര്‍ അറിയിച്ചു.

2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പ്രസിദ്ധീകരിച്ചത്. അസമിലെ 40 ലക്ഷം പൗരന്‍മാര്‍ കരട് രജിസ്റ്ററില്‍നിന്ന് പുറത്താക്കപ്പെട്ടത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. തുടര്‍ന്നാണ് പൗരത്വത്തിനായി അപേക്ഷിക്കാന്‍ അധികാരികള്‍ അവസരം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അതില്‍ 2.89 കോടി ആളുകള്‍ക്ക് മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്. ഇതില്‍നിന്നാണ് ഇപ്പോള്‍ ഒരുലക്ഷം പേരെക്കൂടി ഒഴിവാക്കിയിരിക്കുന്നത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലാണ് അസമിലെ പൗരത്വ രജിസ്റ്ററിന്റെ പരിഷ്‌കരണം പുരോഗമിക്കുന്നത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അസം പൗരന്‍മാരുടെ അന്തിമ പൗരത്വ രജിസ്റ്റര്‍ 2019 ജൂലൈ 31ന് പ്രസിദ്ധീകരിക്കാനാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. രേഖകള്‍ സമര്‍പ്പിച്ച് രജിസ്റ്ററില്‍ ഇടംപിടിക്കുന്നതിന് ഈ സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്‍ആര്‍സി രജിസ്റ്ററില്‍നിന്ന് പുറത്താക്കപ്പെട്ട ഏതൊരാള്‍ക്കും അതോറിറ്റിയില്‍നിന്ന് ലഭിക്കുന്ന പുറത്താക്കിയതിന്റെ സര്‍ട്ടിഫൈഡ് പകര്‍പ്പുമായി ബന്ധപ്പെട്ട ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണെന്ന് എന്‍ആര്‍സി അധികൃതര്‍ വ്യക്തമാക്കി.

2005 മെയിലാണ് അസമിലെ യഥാര്‍ഥ പൗരന്‍മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. ഇതില്‍ രണ്ടുകോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചത്. 38 ലക്ഷം പേരുടെ രേഖകളില്‍ അവ്യക്തതകളുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6,500 എന്‍ആര്‍സി സെന്ററുകള്‍ ആരംഭിച്ചിരുന്നു. 1951ലാണ് അവസാനമായി എന്‍ആര്‍സി പുതുക്കിയത്. അന്ന് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ അസമില്‍ 80 ലക്ഷമായിരുന്നു ജനസംഖ്യ.

RELATED STORIES

Share it
Top