- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഅ്ദനി അറസ്റ്റിലായിട്ട് പത്തുവർഷം; വിചാരണ നടപടികള്‍ അനന്തമായി നീളുന്നു
നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും ആഘാതങ്ങളുമേറ്റുവാങ്ങാന്‍ ബംഗളൂരു കേസിന്‍റെ നടപടികള്‍ ഇനിയും മഅ്ദനിക്കു മുന്‍പില്‍ അനിശ്ചിതമായി നീളുകയാണ്.

പിസി അബ്ദുല്ല
കോഴിക്കോട്: ബംഗളൂരു സ്ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി അറസ്റ്റിലായിട്ട് നാളേക്ക് പത്തു വര്‍ഷം. കോയമ്പത്തൂര്‍ ജയിലില്‍ അനുഭവിച്ച ഏകാന്ത നോവിന്‍റെ ഒന്‍പതര വര്‍ഷങ്ങള്‍ക്കു ശേഷം ബംഗളൂരുവിലെ തടവില്‍ നീതി നിഷേധത്തിന്‍റെ ഒരു പതിറ്റാണ്ടു കൂടി പിന്നിടുമ്പോള്‍ മഅ്ദനിയുടെ ജീവിതം കൂടുതല്‍ ദുഖ പൂര്‍ണ്ണവും വേദനാജനകവുമാണ്.
1998 ല്‍ കോയമ്പത്തൂർ സ്‌ഫാേടന കേസിൽ കുടുക്കി ഇകെ നായനാര്‍ സര്‍ക്കാരിന്‍റെ പോലിസ് നാടു കടത്തുമ്പോള്‍ മഅ്ദനിയുടെ ശരീര ഭാരം 110 കിലോയായിരുന്നു. ഒമ്പതര വർഷത്തെ ജയിൽ പീഡനത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ തൂക്കം 60 കിലോ ആയി ചുരുങ്ങി. കൃത്യം മൂന്നു വര്‍ഷം കഴിഞ്ഞ് 2010 ആഗസ്ത് 17 ന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍റെ പോലിസ് നാടകീയ നീക്കങ്ങളിലൂടെ ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനിയുടെ അറസ്റ്റിന് ഒത്താശ ചെയ്തു. കര്‍ണാടക സെന്‍ട്രല്‍ ക്രെെംബ്രാഞ്ചിന് കേരള പോലിസ് പിഡിപി ചെയര്‍മാനെ പിടിച്ചു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ തൂക്കം 70 കിലോയായി വര്‍ധിച്ചിരുന്നു. പത്തു വര്‍ഷത്തെ ബംഗളൂരു തടവു ജീവിതത്തിനിടയില്‍ ആ അന്‍പത്തഞ്ചുകാരന്‍റെ ശരീരം ഭാരം 39 കിലോ ആയി ചുരുങ്ങി.
നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും ആഘാതങ്ങളുമേറ്റുവാങ്ങാന്‍ ബംഗളൂരു കേസിന്‍റെ നടപടികള്‍ ഇനിയും മഅ്ദനിക്കു മുന്‍പില്‍ അനിശ്ചിതമായി നീളുകയാണ്. സങ്കീര്‍ണവും ആശങ്കാ ജനകവുമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ നില. പ്രമേഹം അനിയന്ത്രിതമാണ്. ഹൃദ്രോഗിയാണ്. വൃക്കകള്‍ രണ്ടും തകരാറില്‍. വലതു കണ്ണിന്‍റെ കാഴ്ച ശക്തി എഴുപതു ശതമാനത്തിലേറെ കുറഞ്ഞു. നാഡീ ഞരമ്പുകള്‍ ക്ഷയിച്ചത് മൂലം ഇടക്കിടെ ഗുരുതരമാവുന്ന രോഗങ്ങള്‍. ആവര്‍ത്തിക്കുന്ന തല കറക്കവും ബോധക്ഷയവും. നാലു മാസം മുമ്പ് വിചാരണാ നടപടിക്കിടയില്‍ കോടതിയില്‍ വച്ച് അദ്ദേഹം തല കറങ്ങി വീണിരുന്നു. സൗഖ്യ ആശുപത്രി മേധാവി ഡോ. ഐസക് മത്തായി നൂറനാലിന്‍റെ നേതൃത്വത്തിലാണ് ചികില്‍സ. അലോപ്പതി, ആയൂര്‍വേദ, യൂനാനി മുറകള്‍ സമന്വയിപ്പിച്ചുള്ള ചികില്‍സയാണ് നടത്തുന്നത്.
2008 ജൂലെെ 25 നു നടന്ന ബംഗളുരു സ്ഫോടനത്തിന്റെ പേരിലാണ് കർണാടക സെന്‍ട്രല്‍ ക്രെെംബ്രാഞ്ച് അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സ്ഫോടന ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് 31-ാം പ്രതിയായാണ് ഉള്‍പ്പെടുത്തിയത്. മഅ്ദനിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി വിധി പറയേണ്ടതിന്‍റെ 50 മിനിറ്റു മുമ്പ് കേരള പോലിസിന്‍റെ ഒത്താശയോടെ അത്യന്തം നാടകീയമായി റമദാനിന്‍റെ പകലില്‍ അൻവാര്‍ശ്ശേരിയില്‍ വച്ചായിരുന്നു അറസ്റ്റ്. കള്ളക്കേസില്‍ മഅ്ദനിയെ നാടു കടത്താന്‍ കൂട്ടു നില്‍ക്കില്ലെന്ന് അതേവരെ ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുള്ളവരുടെ അനുവാദത്തോടെ കൊല്ലം ജില്ലാ പോലിസ് മേധാവി മഅ്ദനിയെ കര്‍ണ്ണാടക പോലിസിന് പിടിച്ചു കൊടുത്തത്.
2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ മഅ്ദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലിസിനു ഹാജരാക്കാനായില്ല എന്ന് ഹൈകോടതി വിധിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യാപേക്ഷ നിരസിച്ചു. പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രിംകോടതി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു. മഅ്ദനിക്കെതിരായ മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലിസെടുത്തതാണെന്നും അത് തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍ 2014 ജൂലെെ 11 ന് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകുന്നതിന് കോടതി വിലക്കേര്‍പെടുത്തി. ബംഗളൂരുവില്‍ തന്നെ കഴിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മഅ്ദനിക്ക് ആവശ്യമായ സുരക്ഷ കര്‍ണാടക പോലിസ് ഒരുക്കണമെന്നും സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്നും പോലിസ് നിരീക്ഷിക്കണം. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും മഅ്ദനിക്ക് ചികിൽസ തേടാമെന്നും കോടതി അറിയിച്ചു.
ആ വര്‍ഷം നംവംബര്‍ 14 ന് സുപ്രിംകോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍,കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണ്ണാടകത്തിന്‍റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രിംകോടതി ഇളവനുവദിച്ചില്ല. വിദഗ്ധ ചികില്‍സക്കായി കേരളത്തിലേക്കു പോവാന്‍ അനുവദിക്കണമെന്ന ആശ്യവും പരിഗണിക്കപ്പെട്ടില്ല. ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് മഅ്ദനി ഇപ്പോള്‍ താമസിക്കുന്നത്. 24 മണിക്കൂറും പോലിസ് നിരീക്ഷണം. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. ജയിലിലേക്കാള്‍ ശക്തമാണ് മഅ്ദനിക്കു ചുറ്റും നിയന്ത്രണങ്ങള്‍.
മകളുടെ കല്യാണത്തിനും മാതാവ് മരണാസന്നയായപ്പോഴും പിതാവ് പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായപ്പോഴും നാട്ടില്‍ വരാനുള്ള അപേക്ഷകള്‍ കര്‍ണ്ണാട കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദയം എതിര്‍ത്തു. നിയമ യുദ്ധത്തിനൊടുവില്‍ മൂന്നു തവണകളിലായി ഏതാനും ദിവസങ്ങളില്‍ നാട്ടില്‍ വരാന്‍ അനുമതി ലഭിച്ചെങ്കിലും സുരക്ഷാ ചെലവിനായി മഅ്ദനി ലക്ഷങ്ങള്‍ കെട്ടിവയ്ക്കണമെന്ന വിചിത്രമായ ഉപാധി കര്‍ണ്ണാടകം മുന്നോട്ടു വച്ചു. അകമ്പടി വന്ന പോലിസുകാരുടെ ചെലവും മൂന്നു തവണയും പിഡിപി ചെയര്‍മാന്‍ വഹിക്കേണ്ടി വന്നു.
31 പേരാണ് ബംഗളൂരു കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ മഅ്ദനിയടക്കം 20 പേരാണ് വിചാരണ നേരിടുന്നത്. 11 പേരെ പിടി കിട്ടിയില്ല. ഒമ്പത് പ്രത്യേക കേസുകളായാണ് വിചാരണ. കേസുകള്‍ ഒരുമിച്ച് ഒരു കേസാക്കാമെന്ന നിഗമനത്തില്‍ സുപ്രിംകോടതി എത്തിയിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ വഴങ്ങിയില്ല. വിചാരണ എളുപ്പം പൂര്‍ത്തിയാവരുത് എന്ന നിലപപാടിലാണ് അന്നും ഇന്നും പ്രോസിക്യൂഷന്. 2006 ജൂലെെയോടെ വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് കേരളത്തില്‍ ചികില്‍സ വേണമെന്ന ആവശ്യത്തെ എതിര്‍ത്ത് കര്‍ണ്ണാക സുപ്രിംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍,കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തന്നെ മാസങ്ങള്‍ എടുത്തു.
കേസിൽ ആകെ 2,294 സാക്ഷികളുണ്ട്. ഇതില്‍ 1,504 പേരുടെ വിസ്താരം പൂര്‍ത്തിയായത് രണ്ടു വര്‍ഷമെടുത്താണ്. ബാക്കി സാക്ഷി വിസ്താരവും ഇഴയുന്നു. മതിയായ കാരണങ്ങളില്ലാതെ പല ദിവസങ്ങളിലും വിചാരണ മുടങ്ങുന്നു. വീണ്ടും സുപ്രിംകോടതി ഇടപെട്ടതോടെയാണ് കഴിഞ്ഞ വര്‍ഷം 790 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്. ഒമ്പത് കേസുകളിലും സമാന കുറ്റപത്രവും ഒരേ പ്രതികളും ഒരേ സാക്ഷികളുമാണ്. കേസുകള്‍ ഏകോപിപ്പിച്ചാല്‍ 90 സാക്ഷികളെ വിസ്തരിച്ചാല്‍ മതി. പക്ഷേ, പ്രോസിക്യൂഷന്‍ വഴങ്ങിയില്ല. ബംഗളൂരു 48 -ാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഒരു വര്‍ഷത്തിലധികമായി പ്രതികളെ ചോദ്യം ചെയ്യുന്ന നടപടി ക്രമമാണ് അരങ്ങേറുന്നത്. 1,60,000 ചോദ്യങ്ങളാണുള്ളത്. ഒരു ദിവസം ശരാശരി 100 ചോദ്യങ്ങള്‍ പ്രകാരം നടപടി മുന്നേറിയാലും അത് പൂര്‍ത്തിയാവാന്‍ ഇനിയും മാസങ്ങളെടുക്കും.
തടിയന്‍റവിട നസീര്‍ 2006ല്‍ പാട്ടത്തിനു വാങ്ങിയ തോട്ടത്തിലാണ് സ്ഫോടന ഗൂഡാലോചന നടന്നതെന്നും മഅ്ദനി അവിടെ എത്തിയിരുന്നുവെന്നുമാണ് എഫ്ഐആര്‍. ഇഞ്ചി തോട്ടത്തില്‍ മഅ്ദനിയെ കണ്ടതായി നസീര്‍, എംഎ പ്രഭാകര്‍ എന്നിവരുടെ സാക്ഷിമൊഴികളും കോടതിയിലെത്തി. പോലിസ് ഭീഷണിപ്പെടുത്തി മൊഴിയില്‍ ഒപ്പു വയ്പിച്ചതാണെന്നും മഅ്ദനിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും നസീര്‍ പിന്നീട് കോടതി മുന്‍പാകെ തുറന്നു പറഞ്ഞു. മഞ്ചു നാഥ് എന്നയാളുടെ വീട്ടില്‍ സംസാരിച്ചു നില്‍കുമ്പോള്‍ മഅ്ദനിയെ ചിലര്‍ താങ്ങിപ്പിടിച്ച് കൊണ്ടു പോവുന്നത് കണ്ടു എന്നാണ് പ്രാദേശിക ബിജെപി നേതാവായ പ്രഭാകരന്‍ മൊഴി നല്‍കിയത്. എന്നാല്‍,മഞ്ചു നാഥ് ഇക്കാര്യം നിഷേധിച്ചതോടെ മഅ്ദനിക്കെതിരായ രണ്ടു സാക്ഷി മൊഴികളും ദുര്‍ബലമായി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















