Big stories

കേരളാ പോലിസില്‍ 828 ക്രിമിനല്‍ കേസ് പ്രതികള്‍; 12 പേരെ പിരിച്ചുവിട്ടു

കേരളാ പോലിസില്‍ 828 ക്രിമിനല്‍ കേസ് പ്രതികള്‍; 12 പേരെ പിരിച്ചുവിട്ടു
X

തിരുവനന്തപുരം: കേരള പോലിസില്‍ 828 ക്രിമിനല്‍ കേസ് പ്രതികളെന്ന് ആഭ്യന്തര വകുപ്പ്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച് മറുപടി നല്‍കിയത്. നിയമസഭയില്‍ രേഖാമൂലവും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലിസ് ഉദ്യോഗസ്ഥര്‍ ഏറ്റവും കൂടുതലുളളത് ആലപ്പുഴ ജില്ലയിലാണ്. 99 പേരാണ് ആലപ്പുഴ ജില്ലയിലുള്ളത്. തൊട്ടുപിന്നാലെ എറണാകുളവുമുണ്ട്. ഇവിടെ 97 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളത്.

കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ്. 20 പേരാണ് ഇവിടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളത്. ക്രിമിനല്‍ കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരും ജില്ല തിരിച്ചുള്ള എണ്ണവും: തിരുവനന്തപുരം- 90, കൊല്ലം- 31, പത്തനംതിട്ട- 23, ആലപ്പുഴ- 99, കോട്ടയം- 60, ഇടുക്കി- 33, എറണാകുളം- 97, തൃശൂര്‍- 64, പാലക്കാട്- 56, മലപ്പുറം- 38, കോഴിക്കോട്- 57, വയനാട്- 24, കണ്ണൂര്‍- 48, കാസര്‍കോട്- 20. സംസ്ഥാനത്ത് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതലാണ് 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിന്തര പ്രമേയ നോട്ടിസിന് മുഖ്യമന്ത്രി മറുപടി നല്‍കി.

പോലിസുദ്യോഗസ്ഥര്‍ക്കെതിരേ ആരോപണമുണ്ടാവുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങള്‍ക്കെല്ലാം തന്നെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരേ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലിസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും 2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പോലിസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ട്.

കൂടാതെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പോലിസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട മറ്റ് 2 പോലിസുദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 55,000 അംഗങ്ങളുള്ള പോലീസ് സേനയില്‍ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടാത്തവരാണെന്നതാണ് ഇതില്‍നിന്നും ഉരുത്തിരിയുന്ന വസ്തുത. യുഡിഎഫ് കാലത്ത് 976 പോലിസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2014 ഡിസംബര്‍ 15 ന് നിയമസഭയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നല്‍കിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നത് ഒരു അപാകമായാണ് പ്രതിപക്ഷം പറയുന്നത്. സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍/ പരാതി ലഭിക്കുമ്പോള്‍ പോലിസ് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയല്ലേ ഇത്. ഇത്തരം കേസുകളില്‍ അന്വേഷണത്തില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്ന് പറയാന്‍ കഴിയുമോ? അമ്പലവയല്‍ പോക്‌സോ കേസ് ഇരയെ തെളിവെടുപ്പിനിടെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചസംഭത്തില്‍ പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് വയനാട് സ്‌പെഷ്യല്‍ മൊബൈല്‍ യൂനിറ്റ് ഡിവൈഎസ്പി അന്വേഷിച്ചുവരുന്നു.

പ്രഭാത സവാരിക്കുപോയ വനിതയെ തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ആക്രമിച്ച പ്രതിയെ കാലതാമസം കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയിട്ടുണ്ട്. തലശ്ശേരിയില്‍ കാറില്‍ ചാരിനിന്ന കുട്ടിയെ ആക്രമിച്ച പ്രതിയെ അറസ്റ്റുചെയ്യുകയും വധശ്രമത്തിന് കേസ്സെടുത്ത് റിമാന്റ് ചെയ്തിട്ടുമുണ്ട്. കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ അന്വേഷണം സംസ്ഥാന പോലിസ് നടത്തുകയില്ലായെന്നും അത് സിബിഐ പോലുള്ള ഏജന്‍സിളെ ഏല്‍പ്പിക്കുമെന്നും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇത്തരം സംഭവങ്ങളെല്ലാം തന്നെ സിബിഐ അന്വേഷണത്തിന് വിട്ടിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it