Big stories

കഴിഞ്ഞ ഏഴ് മാസം കൊണ്ടുമാത്രം 585 ഹേബിയസ് കോര്‍പസ് ഹരജികള്‍, ജയിലിലായത് 27 മാധ്യമപ്രവര്‍ത്തകര്‍; കശ്മീര്‍ അന്വേഷണ റിപോര്‍ട്ടുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍

കഴിഞ്ഞ ഏഴ് മാസം കൊണ്ടുമാത്രം 585 ഹേബിയസ് കോര്‍പസ് ഹരജികള്‍, ജയിലിലായത് 27 മാധ്യമപ്രവര്‍ത്തകര്‍; കശ്മീര്‍ അന്വേഷണ റിപോര്‍ട്ടുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍
X

കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന അനുച്ഛേദം 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ശേഷം ജമ്മു കശ്മീരില്‍ അടിച്ചമര്‍ത്തല്‍ അതിരൂക്ഷമായെന്ന ഞെട്ടിക്കുന്ന റിപാര്‍ട്ടുമായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

31 പേജുവരുന്ന അന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ആഴ്ചയാണ് ആംനെസ്റ്റി പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന അധികാരദുര്‍വിനിയോഗത്തിന്റെ നിരവധി തെളിവുകളും റിപോര്‍ട്ടിലുണ്ട്. മൂന്ന് വര്‍ഷം മുമ്പ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സമൂഹം അതീവജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്.

2019നുശേഷം ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരേ കടുത്ത ആക്രമണം നടന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി. സ്വകാര്യത തടസപ്പെടുത്തി. സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തി, കോടതിയിലേക്ക് നീതി തേടി പോകുന്നതുപോലും ബുദ്ധിമുട്ടുണ്ടാക്കി- റിപോര്‍ട്ട് പറയുന്നു.


ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര ഗ്രൂപ്പുകളെ ഉദ്ധരിച്ചുകൊണ്ടാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ കശ്മീരിലെ പ്രമുഖ മനുഷ്യാവകാശ-രാഷ്ട്രീയപ്രവര്‍ത്തകരുമായും പ്രമുഖ ന്യായാധിപന്മാരുമായും സംവദിക്കുകയും ചെയ്തിട്ടുണ്ട്.

തടവറകള്‍ക്കുള്ളിലും ലോക്കപ്പുകളിലേക്കും പ്രവേശനം നിഷേധിച്ചതുകൊണ്ട് നേരിട്ടുള്ള റിപോര്‍ട്ടിങ് സാധ്യമാവാത്തതുകൊണ്ട് മറ്റുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു.



60ഓളം സംഭവങ്ങള്‍ റിപോര്‍ട്ടില്‍ ഉദ്ധരിച്ചുചേര്‍ത്തിരിക്കുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമപ്രവരപര്‍ത്തകരും കനത്ത നിരീക്ഷണത്തിന്റെ കീഴിലായി. അവരുടെ അനുഭവങ്ങളും ചേര്‍ത്തിട്ടുണ്ട്.

2020 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലത്ത് ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ നടന്നത് കശ്മീരിലാണ്. സിവിലിയന്‍മാരുടെ കൊലപാതകങ്ങള്‍ 20 ശതമാനം വര്‍ധിച്ചു. അനുച്ഛേദം 370 എടുത്തുമാറ്റിയ ശേഷം ഇത്തരം മരണങ്ങള്‍ വര്‍ധിച്ചു.

വിവരാവകാശ നിയമം ജമ്മു കശ്മീരില്‍ പ്രവര്‍ത്തനരഹിതമാണ്. ദേശസുരക്ഷയുടെ പേരില്‍ എല്ലാം തടസ്സപ്പെടുത്തുകയോ തടയപ്പെടുകയോ ആണ്.

585 ഹേബിയസ് കോര്‍പസ് ഹരജികളില്‍ 14ല്‍ മാത്രമേ കോടതി തീര്‍പ്പാക്കിയുള്ളൂ. 2019ല്‍ 761 ഹേബിസ് കോര്‍പസ് ഹരജികള്‍ ഫയല്‍ ചെയ്‌തെങ്കില്‍ 2022ല്‍ ഏഴ് മാസം കൊണ്ട് മാത്രം 585 ഹേബിയസ് കോര്‍പസ് ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടു. അതില്‍ 569ഉം പൊതുസുരക്ഷാ നിയമമനുസരിച്ച് തടവിലാക്കപ്പെട്ടവരുടെ ഹരജികളാണ്.

ഈ നിയമപ്രകാരം വിധികള്‍ പുറപ്പെടുവിക്കാന്‍ കാലതാമസെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹേബിയസ് കോര്‍പസില്‍തന്നെ ഒരു വര്‍ഷം സമയമെടുക്കുന്നു.

മാധ്യമപ്രവര്‍ത്തനമാണ് ഏറെ ബാധിക്കപ്പെട്ട മറ്റൊരു മേഖല. ഇവിടെ പ്രവര്‍ത്തിക്കുന്നവരെ സിഐഡി, സ്‌റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, ഇന്ത്യന്‍ ആര്‍മി, ഐബി എന്നീ ഏജന്‍സികള്‍ നിരന്തരം നിരീക്ഷിക്കുന്നു. 2019നുശേഷം 27 മാധ്യമപ്രവര്‍ത്തകരാണ് കശ്മീരില്‍ ജയിലിലായത്.

കോടതികളുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ മറുപടി ഇതായിരുന്നു: 'എന്താണ് കോടതി? ഇത് നിയമമാണ്, ഞങ്ങള്‍ നിയമത്താല്‍ ശിക്ഷിക്കപ്പെടുകയാണ്. അക്രമികള്‍ സായുധ സംഘങ്ങളല്ല.'

നിയമപാലകള്‍ തങ്ങളെ തടവിലാക്കാന്‍ നിയമത്തെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it