Big stories

പൗരത്വ നിയമത്തിനെതിരായ ശാഹീന്‍ബാഗ് പ്രക്ഷോഭം: പോലിസിനെ പ്രതികൂട്ടില്‍നിര്‍ത്തി മധ്യസ്ഥന്റെ സത്യവാങ്മൂലം

പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി റോഡുകല്‍ പോലിസ് അനാവശ്യമായി ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടി അവര്‍ സമരക്കാരെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

പൗരത്വ നിയമത്തിനെതിരായ ശാഹീന്‍ബാഗ് പ്രക്ഷോഭം: പോലിസിനെ പ്രതികൂട്ടില്‍നിര്‍ത്തി മധ്യസ്ഥന്റെ സത്യവാങ്മൂലം
X

ന്യൂഡല്‍ഹി: ശാഹീന്‍ബാഗിലെ സമരസ്ഥലത്തിന് അടുത്തുള്ള അഞ്ച് സമാന്തര റോഡുകള്‍ പോലിസും പ്രദേശവാസികളും ബാരിക്കേഡ് വച്ച് തടഞ്ഞിട്ട് പ്രക്ഷോഭകര്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിക്കുന്നത് ശരിയല്ലെന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം. സുപ്രിം കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ളയാണ് സത്യവാങ് മൂലം സമര്‍പ്പിച്ചത്.

പതിവായി ഭീഷണി ഉള്ളതിനാലാണ് സുരക്ഷ പരിഗണിച്ച് വനിതാ പ്രക്ഷോഭകര്‍ പ്രതിഷേധത്തിനായി ശാഹിന്‍ബാഗിലെ ഈ സ്ഥലം തിരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു. പ്രക്ഷോഭവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി റോഡുകല്‍ പോലിസ് അനാവശ്യമായി ബാരിക്കേഡുകള്‍ നിരത്തി തടഞ്ഞത് തന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടി അവര്‍ സമരക്കാരെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സമരവുമായി ഒരു ബന്ധവുമില്ലാത്ത റോഡുകള്‍ പോലും പോലിസ് തടഞ്ഞിട്ടുണ്ടെന്നും അതാണ് സ്ഥിതി വഷളാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രദേശത്തെ സമാന്തര, ഇട റോഡുകള്‍ തടയാനുള്ള തീരുമാനത്തിനു പിന്നിലുള്ളവരുടെ പേരുകള്‍ പോലിസ് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ റോഡ് തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതിഷേധക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നതു പോലെ പ്രതിഷേധക്കാര്‍ സ്‌കൂള്‍ വാനുകളെയോ ആംബുലന്‍സുകളെയോ തടയുന്നില്ല. വ്യാജമല്ലെന്ന് കണ്ടെത്തുന്ന എല്ലാ ആംബുലന്‍സുകളും സ്‌കൂള്‍ വാനുകളും പ്രതിഷേധ സ്ഥലത്തൂടെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുന്നുണ്ടെന്നും വജാഹത്ത് ഹബീബുള്ളയാണ് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കി. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ സമരം സമാധാനപരമാണെന്നും എല്ലാ വിഭാഗം ആളുകള്‍ ഇതില്‍ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it