Big stories

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: അസമില്‍ വെടിവയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മേഘാലയയിലെ ഷില്ലോങ്ങില്‍ എസ്എംഎസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതല്‍ 48 മണിക്കൂറിലേക്കാണ് നിരോധനം.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: അസമില്‍ വെടിവയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു
X

ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരേ അതിരൂക്ഷമായ പ്രതിഷേധം ഉയരുന്ന അസമിലെ ഗുവാഹത്തിയില്‍ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇവരുടെ പേരുവിവരങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഗുവാഹത്തി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതിനിടെ, ദിബ്രുഗറിലെ അസം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍(എഎസ്ടിസി) ടെര്‍മിനലിനു പ്രതിഷേധക്കാര്‍ തീയിട്ടു. ഒരുസംഘം പ്രതിഷേധക്കാരെത്തി ആക്രമിക്കുകയും തീയിടുകയുമായിരുന്നു. പൗരത്വ ബില്ലിനെതിരേ പ്രതിഷേധിച്ച കര്‍ഷക നേതാവും കൃഷക് മുക്തി സന്‍ഗ്രം സമിതി അധ്യക്ഷനും വിവരാവകാശ പ്രവര്‍ത്തകനുമായ അഖില്‍ ഗൊഗോയിയെ അറ്‌സ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി വിവാദ നിയമനിര്‍മ്മാണം പാര്‍ലമെന്റ് അംഗീകരിച്ചതിനു പിന്നാലെ തുടങ്ങിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ലംഘിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് 10 ജില്ലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയിരിക്കുകയാണ്. നാലോളം മേഖലകളില്‍ പോലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍, കേന്ദ്രമന്ത്രിരാമേശ്വര്‍ ടെലി ഉള്‍പ്പെടെ നിരവധി രാഷ്ട്രീയനേതാക്കളുടെ വീടുകള്‍ ആക്രമിച്ചതായും ആരോപണമുണ്ട്. ചബുവയില്‍ ബിജെപി എംഎല്‍എയും വീടാക്രമിച്ച സംഘം സമീപത്തെ ഒരു ബാങ്ക് ശാഖയ്ക്കു തീയിട്ടതായും റിപോര്‍ട്ടുകളുണ്ട്. അസമിലെ ജോര്‍ഹട്ട്, ഗോലാഘട്ട്, ടിന്‍സുകിയ, ഛാരേദിയോ തുടങ്ങിയ നഗരങ്ങളിലേക്കും കര്‍ഫ്യൂ വ്യാപിപ്പിച്ചിട്ടുണ്ട്.

അതിനിടെ, ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിയന്ത്രണം രണ്ടുദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി അഡീഷനല്‍ ചീഫ് സെക്രട്ടറി കുമാര്‍ സഞ്ജയ് കൃഷ്ണ പറഞ്ഞു. അസമില്‍ ഏഴു കമ്പനി സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. രണ്ടു കമ്പനി സേന ഗുവാഹത്തിയില്‍ ഫഌഗ് മാര്‍ച്ച് നടത്തിയതായി ആര്‍മി പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ പി കോങ്‌സായിയെ ഉദ്ദരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ത്രിപുരയില്‍ അസം റൈഫിള്‍സും പാരാമിലിട്ടറി സേനയും ഉള്‍പ്പെടെ മൂന്നു കമ്പനി സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമാക്കിയിരിക്കുകയാണ്. മേഘാലയയിലെ ഷില്ലോങ്ങില്‍ എസ്എംഎസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമുതല്‍ 48 മണിക്കൂറിലേക്കാണ് നിരോധനം.





Next Story

RELATED STORIES

Share it