Big stories

ലോക്ക്ഡൗണ്‍: 1.70 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി

ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന് കേന്ദ്ര ധനമന്ത്രി

ലോക്ക്ഡൗണ്‍: 1.70 ലക്ഷം കോടിയുടെ പാക്കേജ്   പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി
X

ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനും പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസമേകാനുമായി 1,70,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. ഭക്ഷ്യസുരക്ഷയ്ക്കു പ്രാധാന്യം നല്‍കുന്ന പാക്കേജില്‍ ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നല്‍കുന്ന പദ്ധതിയും പ്രഖ്യാപിക്കുന്നതായി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ലോക് കല്യാണ്‍ യോജന വഴി നിലവില്‍ ബിപിഎല്‍ കുടുംബങ്ങളിലെ എല്ലാവര്‍ക്കും 5 കിലോ അരി ലഭിക്കുന്നുണ്ട്. അടുത്ത മൂന്നുമാസത്തേക്ക് എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഇതോടൊപ്പം 5 കിലോ അരിയോ ഗോതമ്പോ അവരുടെ ഇഷ്ടപ്രകാരം സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പരിപ്പ്, അല്ലെങ്കില്‍ ചെറുപയര്‍ തുടങ്ങി ഏതെങ്കിലും പരിപ്പുവര്‍ഗങ്ങളും ലഭ്യമാക്കും. 8.69 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം വര്‍ഷം 6000 രൂപ നല്‍കുന്നതില്‍ ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2000 രൂപ ഉടന്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍ക്ക് 2000 രൂപ മാസം വരുമാനം കൂടുതല്‍ നല്‍കും. ഇവരുടെ പ്രതിദിന വരുമാനം പ്രതിഫലം 182ല്‍ നിന്ന് 202 ആക്കി ഉയര്‍ത്തിയാണ് വരുമാനവര്‍ധനവ് നടപ്പാക്കുന്നത്.

മൂന്നു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം നല്‍കും. ഇവയെല്ലാം നേരിട്ടുള്ള പണം കൈമാറ്റമാവും. എല്ലാവര്‍ക്കും നേരിട്ട് പണം എത്തിച്ച് നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി വനിതകള്‍ക്ക് 500 രൂപ നേരിട്ട് അക്കൗണ്ടില്‍ നല്‍കും. ഉജ്ജ്വല പദ്ധതിയിലെ ബിപിഎല്‍ പരിധിയില്‍ പെട്ട 8 കോടി ആളുകള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടര്‍ അനുവദിക്കും. വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ അനുവദിക്കും. ഇതുവഴി 63 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ക്കും ഏഴു കോടി പേര്‍ക്ക് പ്രയോജനവും ലഭിക്കുമെന്നാണ് കരുതുന്നത്. 100 ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. ഈ കമ്പനികളിലെ 90 ശതമാനം പേര്‍ 15000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നവരാവണമെന്നാണു നിബന്ധന. ഇവര്‍ക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിന്‍വലിക്കാം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. ഇതിലൂടെ 4.80 കോടി പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണതൊഴിലാളികള്‍ക്കു കെട്ടിടനിര്‍മാണ നിധിയില്‍ നിന്ന് സഹായം ലഭ്യമാക്കും.നിധിയിലെ 31000 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപയോഗിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ധാതു നിധിയിലെ തുക ഉപയോഗിക്കാം. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നും കൂടുതല്‍ നടപടികള്‍ പിന്നീട് ആലോചിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കൊറോണയ്‌ക്കെതിരേ പോരാടുന്ന എല്ലാ പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും ശുചീകരണപ്രവര്‍ത്തകര്‍ക്കും ധനമന്ത്രി നന്ദി പറഞ്ഞു. ഇവര്‍ക്ക് ഇന്‍ഷൂറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സാണ് പ്രഖ്യാപിച്ചത്. ആശാവര്‍ക്കര്‍മാര്‍മാരും ശുചീകരണ തൊഴിലാളികള്‍ക്കും മുതല്‍ ഡോക്ടര്‍മാര്‍ക്ക് വരെ ഓരോരുത്തര്‍ക്കും 50 ലക്ഷം മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സ്വന്തം ആരോഗ്യം പോലും നോക്കാതെ ജോലി ചെയ്യുന്നവര്‍ക്കെല്ലാം സഹായം നല്‍കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

1. ലോക്ക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന് കേന്ദ്ര ധനമന്ത്രി

2. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്

3. മൂന്നുമാസത്തേക്ക് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 5 കിലോ അരി സൗജന്യം

4. ഒരു കിലോ പരിപ്പുവര്‍ഗങ്ങളും സൗജന്യമായി ലഭ്യമാക്കും

5. കിസാന്‍ യോജന അംഗങ്ങള്‍ക്ക് ആദ്യ ഇന്‍സ്റ്റാള്‍മെന്റായ 2000 രൂപ ഉടന്‍

6. എല്ലാവര്‍ക്കും നേരിട്ട് പണം; ജന്‍ധന്‍ അക്കൗണ്ടില്‍ 500 രൂപ

7. മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും

8. ഇപിഎഫിലെ 75 ശതമാനം തുക പിന്‍വലിക്കാം

9. നിര്‍മാണത്തൊഴിലാളികള്‍ക്ക് കെട്ടിട നിര്‍മാണ നിധിയില്‍നിന്നു സഹായം

10. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിദിന പ്രതിഫലം 202 ആക്കി

11. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ വീതം നല്‍കും




Next Story

RELATED STORIES

Share it