ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ട അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


ന്യൂഡല്‍ഹി: ട്രാന്‍സ്ഫറിന് അഭ്യര്‍ഥിക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിനെ തേടിച്ചെന്ന 57കാരിയായ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് ലഭിച്ചത് ജയില്‍. ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനുള്ള മുഖാമുഖം പരിപാടിയില്‍ തര്‍ക്കിച്ചതിനെ തുടര്‍ന്നാണ്, നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി അധ്യാപികയെ സസ്‌പെന്റ് ചെയ്യാനും അറസ്റ്റ് ചെയ്യാനും ഉത്തരവിട്ടത്.

പ്രധാനപ്പെട്ട ഒരു പരിപാടിക്ക് തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ചാണ് ഉത്തര ബഹുഗുണ എന്ന അധ്യാപികയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പാളായ ഉത്തര കഴിഞ്ഞ 25 വര്‍ഷമായി ഉത്തരകാശിയിലെ ഉള്‍പ്രദേശത്താണ് ജോലി ചെയ്യുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെയാണ് മക്കള്‍ താമസിക്കുന്ന സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷ നല്‍കിയത്.

വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ ജനതാ ദര്‍ബാര്‍(ജനങ്ങളുടെ പരാതി നേരിട്ട് കേള്‍ക്കുന്നതിനുള്ള പരിപാടി) പരിപാടിയില്‍ വലിയ പ്രതീക്ഷയോടെയാണ് ഉത്തര എത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി താന്‍ ഒരു വിദൂര ഗ്രമത്തില്‍ ജോലി ചെയ്യുകയാണെന്നും വിധവയായ തനിക്ക് നഗരപ്രദേശത്തേക്ക് സ്ഥലം മാറ്റം കിട്ടിയാല്‍ വലിയ ഉപകാരമായിരിക്കുമെന്നും ഉത്തര മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, മുഖ്യമന്ത്രി റാവത്ത് അപേക്ഷ തള്ളുകയായിരുന്നു.

എന്നാല്‍, അതിന്റെ കാരണം തനിക്ക് അറിയണമെന്നാവശ്യപ്പെട്ട് അധ്യാപിക തര്‍ക്കിച്ചു. ഇതിന് പിന്നാലെയാണ് രോഷാകുലനായ മുഖ്യമന്ത്രി അവരെ ഉടന്‍ സസ്‌പെന്റ് ചെയ്യൂ, പോലിസ് കസ്റ്റഡിയിലെടുക്കൂ എന്ന് അലറിയത്. ലൈവായി സംപ്രേഷണം ചെയ്തിരുന്ന പരിപാടിയുടെ വീഡിയോയാണ് സംഭവം പുറം ലോകത്തെത്തിച്ചത്. യോഗത്തിന് പുറത്തേക്ക് നയിക്കപ്പെട്ട അധ്യാപിക നിലവിളിക്കുന്നതും രോഷത്തോടെ പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

2015ല്‍ തനിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. കുട്ടികള്‍ ഇവിടെ ഡെറാഡൂണിലാണ് താമസിക്കുന്നത്. എനിക്ക് അവരെ ഒറ്റക്കാക്കാന്‍ കഴിയില്ല. താന്‍ മുഖ്യമന്ത്രിയോട് സംസരിച്ചെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ല. കാരണം അന്വേഷിച്ചപ്പോള്‍, പെട്ടെന്ന് കൈകള്‍ ഉയര്‍ത്തി, നിങ്ങള്‍ അധ്യാപികയാണെന്നും മര്യാദയ്ക്ക് പെരുമാറണമെന്നും ആവശ്യപ്പെടുകയായിരുന്നു- ഉത്തര ബഹുഗുണ കരഞ്ഞു കൊണ്ട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രംഗത്തെത്തി. 25 വര്‍ഷമായി ഒരു വിദൂര ഗ്രാമത്തില്‍ ജോലി ചെയ്യുന്ന ഒരു വിധവയുടെ അഭ്യര്‍ഥന കേള്‍ക്കാതിരിക്കാന്‍ മാത്രം നമ്മുടെ സംവിധാനം ബധിരമായിപ്പോയോ എന്ന് അദ്ദേഹം ചോദിച്ചു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top