കോഴിക്കോട് രാത്രിയിലും പ്രതിഷേധം; കര്‍ണാടക ബസ് തടഞ്ഞു -വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.

Update: 2019-12-19 19:06 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനടെ പോലിസ് വെടിവയ്പില്‍ മംഗളൂരുവില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കര്‍ണാടക ആര്‍ടിസി ബസ് കോഴിക്കോട് തടഞ്ഞു. രാത്രി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് കാംപസ് ഫ്രണ്ടിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ തടഞ്ഞത്.



കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിജില്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് എന്നവരുടെ നേതൃത്വത്തിലും യുവജനങ്ങള്‍ നഗരത്തില്‍ പ്രതിഷേധിച്ചു. കോഴിക്കോട് മാവൂര്‍ റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ച് പ്രതിഷേധിച്ചു.

പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഉണ്ടായ പോലിസ് വെടിവയ്പില്‍ മംഗളൂരുവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കുനേരേ പോലിസ് നടത്തിയ വെടിവയ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. മംഗളൂരു പഴയതുറമുഖം നിലകൊള്ളുന്ന ബന്തര്‍ പോലിസ് സ്‌റ്റേഷന് സമീപമാണ് വെടിവയ്പുണ്ടായത്. പ്രദേശവാസികളായ ജലീല്‍ കന്തക് (49), നൗഷിന്‍ കുദ്രോളി (23)എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ഇതിനിടെ ലഖ്‌നൗവില്‍ നടന്നവെടിവയപ്പില്‍ ഒരാള്‍ മരിച്ചതായി എന്‍ഡിടിവി റിപോര്‍ട്ടുചെയ്തു. ഇവിടെ നാലാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധങ്ങളില്‍ സംഘര്‍ഷം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ യോഗം ചേര്‍ന്നിരുന്നു.

ചെന്നൈയിലെ വള്ളുവര്‍ക്കോട്ടത്തു പൊലീസിന്റെ വിലക്ക് മറികടന്നു 54 സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രവര്‍ത്തകരും നഗരത്തിലെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. പ്രതിഷേധത്തിനു നേരത്തെ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ അറസ്റ്റ് ചെയ്തു. മാണ്ഡി ഹൗസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരെ അറസ്റ്റു ചെയ്തു.

Tags:    

Similar News