'കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍'; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍

Update: 2022-11-17 05:36 GMT

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേ കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍. സേവ് കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയുള്ള പോസ്റ്റര്‍ ഇന്ന് രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. നെഹ്രുവിനെ തള്ളിപ്പറഞ്ഞ് ആര്‍എസ്എസിനെ ന്യായീകരിക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍ എന്നാണ് പോസ്റ്ററിലെ ആദ്യവാചകം. കോണ്‍ഗ്രസിനെ ആര്‍എസ്എസില്‍ ലയിപ്പിക്കുന്നതിനുള്ള നീക്കം പരാജയപ്പെടുത്തുക, ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന പാരമ്പര്യം കോണ്‍ഗ്രസിന് അപമാനകരം, ഗാന്ധി ഘാതകരെ സംരക്ഷിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന് ശാപം തുടങ്ങിയ രൂക്ഷമായ വാചകങ്ങളാണ് പോസ്റ്ററില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്.

സുധാകരനെക്കുറിച്ച് നമ്മുടെ നേതാവ് പി രാമകൃഷ്ണന്‍ മുന്നേ പറഞ്ഞത് എത്രയോ ശരിയാണെന്നും പോസ്റ്ററില്‍ പറയുന്നു. സുധാകരന്റേത് ബോംബ് രാഷ്ട്രീയമാണെന്നും പാര്‍ട്ടിയില്‍ സുധാകരന് സ്വീകാര്യതയില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം പി രാമകൃഷ്ണന്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്ത് സുധാകരന്‍ അണികളോട് ബോംബുമായി രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യാറുണ്ട്. കൂത്തുപറമ്പ് വെടിവയ്പ്പുണ്ടായ ദിവസം എം വി രാഘവനെ അവിടേക്ക് നിര്‍ബന്ധിപ്പിച്ച് കൊണ്ടുപോയത് സുധാകരനാണെന്നും ഡിസിസി പ്രസിഡന്റ് പദവി രാജിവച്ച് രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഡിസിസി ഓഫിസിന് മുന്നില്‍തന്നെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

നേതാക്കള്‍ മൃദുസമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ സുധാകരനെതിരേ കടുത്ത അമര്‍ഷം നിലനില്‍ക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരത്തില്‍ പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസില്‍ വലിയൊരു വിഭാഗം സുധാകരനെതിരെ കച്ചമുറുക്കിയതിന്റെ സൂചനകൂടിയാണിത്. ലീഗ് നേതൃത്വത്തെ സുധാകരന്‍ നേരിട്ട് വിളിച്ച് സംസാരിക്കുകയും അവരെ ശാന്തരാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെ മറ്റു യുഡിഎഫ് കക്ഷികള്‍ സുധാകരന്റെ നിലപാടിനെതിരേ രംഗത്തുവരികയും ചെയ്തു.

തനിക്കെതിരേ ഏതെങ്കിലും തരത്തില്‍ സംഘടനാപരമായ നടപടികള്‍ ഉണ്ടാവാതിരിക്കാന്‍ സുധാകരന്‍ ഹൈക്കമാന്‍ഡിനെയും സമീപിച്ചിരുന്നു. സുധാകരന്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയ എഐസിസി, അച്ചടക്കനടപടിയൊന്നും സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സുധാകരനെതിരേ മറുനീക്കവുമായി കോണ്‍ഗ്രസില്‍ ഒരുവിഭാഗം രംഗത്തുവന്നിരിക്കുന്നത്. ഇന്ന് കൊച്ചിയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും ചേരാനിരുന്നതാണ്. എന്നാല്‍, യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. സുധാകരന്‍ ചികില്‍സയിലായതിനാലാണ് യോഗം മാറ്റിയതെന്നാണ് വിശദീകരണം. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസംഗവും പ്രസ്താവനകളും ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.

Tags:    

Similar News