യുവാവിനെ കൈകാലുകള്‍ കെട്ടി കയര്‍കൊണ്ട് കഴുത്തുഞെരിച്ച് കൊന്നു; മാതാപിതാക്കളും സഹോദരനും അറസ്റ്റില്‍

Update: 2023-07-19 05:21 GMT
കൊല്ലം: മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്കിലെ വീട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലിസ്.

സംഭവത്തില്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലിസ് അറസ്റ്റ് ചെയ്തു. സൊസൈറ്റിമുക്ക് അഭിലാഷ് ഭവനില്‍ ആദര്‍ശി(21)നെയാണ് തിങ്കളാഴ്ച രാവിലെ വീട്ടില്‍ അടുക്കളയോടു ചേര്‍ന്നുള്ള മുറിയില്‍ നിലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദര്‍ശിന്റെ പിതാവ് തുളസീധരന്‍ (60), മാതാവ് മണിയമ്മാള്‍ (50), സഹോദരന്‍ അഭിലാഷ് (26) എന്നിവരെയാണ് ചിതറ പോലിസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ ആദര്‍ശ് സ്ഥിരമായി മദ്യപിച്ചെത്തി നാട്ടിലും വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഞായറാഴ്ച രാത്രിയും പ്രശ്‌നമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശല്യം സഹിക്കാതായപ്പോള്‍ കൈകാലുകള്‍ കെട്ടി കയര്‍കൊണ്ട് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയെന്നാണ് പോലിസ് പറയുന്നത്. മരണവിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോള്‍ തന്നെ കൊലപാതകമാണെന്ന സംശയമുയര്‍ന്നിരുന്നു. മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി.

Tags: