പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കുന്നവര്‍ക്ക് 3.5 ശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക, കള്ളപ്പണത്തിന് കൂച്ചുവിലങ്ങിടുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ജൂലായ് അഞ്ചിലെ ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-06-10 14:48 GMT

ന്യൂഡല്‍ഹി: പ്രതിവര്‍ഷം പത്ത് ലക്ഷം രൂപയിലധികം പിന്‍വലിക്കുന്നവര്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കംതുടങ്ങിയതായി റിപോര്‍ട്ട്. പത്തു ലക്ഷം രൂപയ്ക്ക് 3.5 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക, കള്ളപ്പണത്തിന് കൂച്ചുവിലങ്ങിടുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ജൂലായ് അഞ്ചിലെ ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

നികുതി റിട്ടേണ്‍ നിരീക്ഷിക്കുന്നതിന് വലിയ സംഖ്യ പിന്‍വലിക്കുന്നതിന് ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും റിപോര്‍ട്ടുണ്ട്. ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം തടയാന്‍ ഒടിപി വഴിയുള്ള വെരിഫിക്കേഷന്‍ ആണ് ലക്ഷ്യമിടുന്നത്.

ഭൂരിഭാഗം വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം രൂപ ഒരു വര്‍ഷം പിന്‍വലിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പണമിടപാടുകള്‍ക്കുള്ള നികുതി പുനഃസ്ഥാപിക്കാനും ആലോചനയുണ്ട്. 2005ല്‍ യുപിഎ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയെങ്കിലും 2009ല്‍ പിന്‍വലിച്ചിരുന്നു. എടിഎം ചാര്‍ജുകള്‍ പുനരവവലോകനം ചെയ്യുന്നതിന് സുപ്രീംകോടതി ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ മാസം ആറിന് നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ക്കുള്ള ചാര്‍ജ് റിസര്‍വ് ബാങ്ക് ഒഴിവാക്കിയിരുന്നു.

Tags:    

Similar News