വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ സഹായം: മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതിക്ക് ഇരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തരസഹായവും വീട് വാസയോഗ്യമല്ലാതായവര്‍ക്ക് നാലു ലക്ഷം രൂപയും നല്‍കും

Update: 2019-08-14 14:49 GMT

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വീടുകള്‍ വാസയോഗ്യമല്ലാതായവര്‍ക്ക് നാലു ലക്ഷം രൂപയും സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപയും നല്‍കും. കാലവര്‍ഷക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പതിനായിരം രൂപ വീതം അടിയന്തരസഹായം നല്‍കും. കൃത്യമായ പരിശോധന നടത്തിയാവും അര്‍ഹരെ നിശ്ചയിക്കുക.

വില്ലേജ് ഓഫിസറും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും പരിശോധന നടത്തി അര്‍ഹരെ കണ്ടെത്തും. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കഴിഞ്ഞ തവണ നല്‍കിയതു പോലെ സഹായം ലഭ്യമാക്കും.

പ്രകൃതിദുരന്ത സാധ്യത കണക്കിലെടുത്ത് വീടു വിട്ട് ക്യാംപുകളിലെത്തിയവരെയും ദുരന്തബാധിത കുടുംബമായി കണക്കാക്കും. ബന്ധുവീടുകളിലേക്ക് മാറിയവരെയും പരിഗണിക്കും. കൃഷിനാശം, മല്‍സ്യക്കൃഷിയുടെ നാശം, കുടിവെള്ള പദ്ധതികളുടെയും ജലസേചന പദ്ധതികളുടെയും നാശം, റോഡുകള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണം എന്നിവയ്ക്ക് കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡ പ്രകാരം പണം നല്‍കും.

ദുരന്തത്തിനിരയായവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും വ്യാപാരസ്ഥാപനങ്ങളുടെ കാര്യത്തില്‍ ശുപാര്‍ശ നല്‍കാനും മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് അംഗങ്ങള്‍. എഎവൈ വിഭാഗങ്ങള്‍ക്ക് 35 കിലോ അരി ഇപ്പോള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇവര്‍ ഒഴികെ ദുരന്തം ബാധിച്ച എല്ലാ കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിന് 15 കിലോ വീതം അരി സൗജന്യമായി നല്‍കും. തീരമേഖലയിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടും. നാശനഷ്ടം കണക്കാക്കി കേന്ദ്രസഹായം തേടുന്നതിന് മെമ്മോറാണ്ടം തയ്യാറാക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. ബിശ്വാസ് മേത്ത, മനോജ് ജോഷി, ഡി കെ സിംഗ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു എന്നിവരാണ് അംഗങ്ങള്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവന കൈമാറി നല്‍കുന്നതിന് പൊതുമേഖല, സഹകരണ ബാങ്കുകള്‍ കമ്മിഷന്‍ ഈടാക്കരുതെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടും. ദുരിതബാധിതര്‍ക്ക് ആശ്വാസധനസഹായം നല്‍കുന്ന അക്കൗണ്ടില്‍ കുറഞ്ഞ ബാലന്‍സ് വേണമെന്ന നിബന്ധന ഒഴിവാക്കാനും ആവശ്യപ്പെടും. ഇത്തവണ ഉരുള്‍പൊട്ടലാണ് കൂടുതലായുണ്ടായത്. 64 ഓളം ഉരുള്‍പൊട്ടലുകളാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇത് കൂടുതല്‍ മരണത്തിന് വഴിവച്ചു. പ്രളയതീവ്രതയും ദുരന്തത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അര്‍ഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശമായി നിശ്ചയിച്ച് വിജ്ഞാപനമിറക്കും.

ദുരന്തനിവാരണ നിയമവും ചട്ടവും അനുസരിച്ച് വിജ്ഞാപന മിറക്കുന്നതിന് ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കും. ദുരന്തതീവ്രത വര്‍ധിപ്പിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കും. കേരളത്തിന് ഈ ഘട്ടത്തില്‍ ലഭിക്കുന്ന നിയമാനുസൃതമായ ഏതു സഹായവും സ്വീകരിക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലുണ്ടായത് 31,000 കോടിയുടെ നഷ്ടമെന്നാണ് യുഎന്‍ ഏജന്‍സി കണ്ടെത്തിയത്. ഇപ്പോഴുണ്ടായ ദുരന്തത്തോടെ പുനര്‍നിര്‍മാണത്തിന്റെ വ്യാപ്തി വര്‍ധിച്ചിരിക്കുകയാണ്. പരമാവധി വിഭവസമാഹരണമാണ് മുന്നിലുള്ള ലക്ഷ്യം. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നിന്ന് കരകയറി വരുന്ന ഘട്ടമാണിത്. നഷ്ടങ്ങള്‍ നികത്തി വരുന്നതേയുള്ളൂ.

നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും വിവിധ തരം സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അദാലത്തുകള്‍ നടത്തും. 2276.40 കോടി രൂപയാണ് പ്രളയദുരിതാശ്വാസ നിധിയില്‍ സര്‍ക്കാര്‍ ചെലവാക്കിയത്. ഇതില്‍ 457.60 കോടി രൂപ ആശ്വാസധനസഹായമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി 1636 കോടി രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രളയത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തും. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ വീടുവയ്ക്കാന്‍ പറ്റില്ല. ഇവിടെ കഴിഞ്ഞവര്‍ക്കായി സ്ഥലം വാങ്ങി വീടു വയ്‌ക്കേണ്ടിവരും. നമ്മുടെ നിര്‍മാണ രീതികള്‍ മാറേണ്ടതുണ്ട്. ഇപ്പോഴും മണ്ണും കല്ലും ഉപയോഗിച്ചുള്ള നിര്‍മാണമാണ്. വികസിതരാഷ്ട്രങ്ങളില്‍ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളാണുള്ളത്. ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണ്ടിവരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിച്ച് മാതൃകകാട്ടും.

നദികളിലെ വെള്ളം ഒഴുകിപ്പോകാന്‍ വിപുലമായ സംവിധാനം ഒരുക്കേണ്ടിവരും. നെതര്‍ലന്‍ഡ്‌സിലെ റൂം ഫോര്‍ റിവര്‍ എന്ന ആശയം ഇവിടെ പ്രയോജനപ്പെടുത്താനാവും. അതിനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും. വെള്ളം ഒഴുകുന്ന തോട് പലയിടത്തും നികത്തിയിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടു കുട്ടികള്‍ക്കും ബഷീറിന്റെ മാതാവിനും രണ്ടു ലക്ഷം രൂപ വീതവും നല്‍കും.

Tags: