ഗോദാവരി ബോട്ടപകടം: മരണം 13 ആയി; കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

കാണാതായവര്‍ക്കായി ദുരന്തനിവാരണസേന തിരച്ചില്‍ തുടരുകയാണ്. വിശാഖപട്ടണത്തുനിന്നും ഗുണ്ടൂരില്‍നിന്നുമുള്ള 30 അംഗങ്ങള്‍ വീതമുള്ള എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ രണ്ട് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.

Update: 2019-09-15 13:17 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 40 ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. കാണാതായവര്‍ക്കായി ദുരന്തനിവാരണസേന തിരച്ചില്‍ തുടരുകയാണ്. വിശാഖപട്ടണത്തുനിന്നും ഗുണ്ടൂരില്‍നിന്നുമുള്ള 30 അംഗങ്ങള്‍ വീതമുള്ള എന്‍ഡിആര്‍എഫിന്റെ രണ്ട് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ രണ്ട് ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടവരില്‍ ഏതാനും പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേനക്കൊപ്പം നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 11 ജീവനക്കാരടക്കം 61 പേരാണ് റോയല്‍ വസിഷ്ഠ എന്ന ബോട്ടിലുണ്ടായിരുന്നത്. ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. കിഴക്കന്‍ ഗോദാവരി ജില്ലയിലെ ദേവിപട്ടണം മണ്ഡലത്തിലെ കാച്ചുലുരു ഗ്രാമത്തിനടുത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ദേവിപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാരകേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

കച്ചലൂരു എന്ന സ്ഥലത്തെത്തിയപ്പോള്‍ ബോട്ട് മറിയുകയായിരുന്നു. ഇരുപതില്‍ താഴെയാളുകള്‍ മാത്രമേ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുള്ളൂ എന്നാണ് വിവരം. ഇവരില്‍ ചിലരാണ് നീന്തിരക്ഷപ്പെട്ടത്. 40 പേരെ മാത്രം കയറ്റാന്‍ ശേഷിയുള്ളതായിരുന്നു സ്വകാര്യ ഏജന്‍സിയുടെ ബോട്ടെന്നാണ് പറയപ്പെടുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഡാമുകള്‍ തുറന്നതിനാല്‍ ഗോദാവരി നദി ദിവസങ്ങളായി കരകവിഞ്ഞൊഴുകിയിരുന്നതിനാല്‍ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ജലത്തിന്റെ അളവില്‍ അല്‍പം കുറവ് കണ്ടതോടെ ബോട്ട് സര്‍വീസിന് അധികൃതര്‍ അനുമതി നല്‍കി. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ സഹായധനം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഗോദാവരി നദിയിലെ മുഴുവന്‍ ബോട്ട് സര്‍വീസും നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഗോദാവരി നദിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ ലൈസന്‍സുകള്‍, ഫിറ്റ്‌നസ്, മറ്റ് വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കാനും നിര്‍ദേശം നല്‍കി. നദിയില്‍ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് ബോട്ട് സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍, സ്വകാര്യ ഏജന്‍സികള്‍ ഇത് തുടര്‍ന്നു. സര്‍വീസിന് അനുമതി നല്‍കിയ കാര്യം അന്വേഷിക്കുമെന്ന് ടൂറിസം മന്ത്രി ശ്രീനിവാസ റാവു പറഞ്ഞു. ബോട്ടപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ബോട്ട് അപകടത്തില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News