അനധികൃത മുസ്‌ലിംകള്‍ സര്‍ക്കാരിന്റെ സബ്‌സിഡി അരി തിന്ന് കൊഴുക്കുകയാണ്; അവരെ ഞങ്ങള്‍ തിരിച്ചയക്കും: ബംഗാള്‍ ബിജെപി അധ്യക്ഷന്‍

ബംഗാളിലെ അനധികൃത മുസ്‌ലിംകള്‍ സര്‍ക്കാരിന്റെ രണ്ട് രൂപ സബ്‌സിഡി അരി തിന്ന് കൊഴുക്കുകയാണ്. അവരെ ഞങ്ങള്‍ തിരിച്ചയക്കും. സംസ്ഥാനത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഇവരാണ് കാരണം.

Update: 2020-01-22 06:20 GMT

കൊല്‍ക്കത്ത: രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. അതില്‍ ഒരു കോടി പേര്‍ ബംഗാളിലും ബാക്കി ഒരു കോടി ഇന്ത്യയിലെ ബാക്കി സ്ഥലങ്ങളിലുമാണെന്ന് ദിലീപ് ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരേയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരേയും രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം.

ബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം നുഴഞ്ഞു കയറ്റക്കാരെ ഇവിടെ തുടരാന്‍ അനുവദിക്കില്ല. അവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരുണ്ടങ്കില്‍ അത് ഉടനെ മാറ്റുമെന്നും കുഛ് ബിഹാറില്‍ സിഎഎ അനുകൂല റാലിയില്‍ ദിലീപ് പറഞ്ഞു. നേരത്തെ, 520 ലക്ഷം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാര്‍ ഇവിടെയുണ്ടെന്നും അവരെ തിരഞ്ഞെു പിടിക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞിരുന്നു. അവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയാല്‍ മമത ബാനര്‍ജിയുടെ വോട്ടുകള്‍ ഇടിയും.

ബിജെപിക്ക് ബംഗാളില്‍ 200 സീറ്റുകള്‍ ലഭിക്കുമ്പോള്‍ മമതയ്ക്ക് 50 സീറ്റുകള്‍ പോലും കിട്ടില്ല. മമതയുടെ വോട്ടര്‍മാരായതിനാലാണ് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കാത്തതെന്നും ദിലീപ് ഘോഷ് ആരോപിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ റെയില്‍വേ സ്വത്തുക്കളും പൊതുമുതലും നശിപ്പിക്കുന്നവര്‍ക്കെതിരേ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടി എടുത്തില്ലെന്നും അവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കാനും ലാത്തി പ്രയോഗിക്കാനും മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

ബംഗാളിലെ അനധികൃത മുസ്‌ലിംകള്‍ സര്‍ക്കാരിന്റെ രണ്ട് രൂപ സബ്‌സിഡി അരി തിന്ന് കൊഴുക്കുകയാണ്. അവരെ ഞങ്ങള്‍ തിരിച്ചയക്കും. സംസ്ഥാനത്തെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഇവരാണ് കാരണം. മതാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ പശ്ചാതാപമില്ല. സിഎഎ എതിര്‍ക്കുന്നവര്‍ ഇന്ത്യാ വിരുദ്ധരും ബംഗാള്‍ വിരുദ്ധരുമാണ്.

ഇന്ത്യ എന്ന ആശയത്തിന് എതിര് നില്‍ക്കുന്നവരാണ് സിഎഎയെ എതിര്‍ക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെയും അവര്‍ എതിര്‍ക്കുന്നു. അനധികൃതമായി കുടിയേറിയ മുസ്‌ലിംകള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ ഹിന്ദുക്കളെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഇരട്ടത്താപ്പാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

Tags:    

Similar News