കുംഭമേളയിൽ കൊവിഡ് പടരില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; 'മര്‍ക്കസില്‍ അങ്ങനെയല്ല'

കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Update: 2021-04-14 09:47 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിങ് റാവത്ത്. മര്‍ക്കസിലെ പോലെയല്ല, കുംഭമേളയ്ക്ക് ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് രോഗം ആര്‍ക്കും വരില്ലെന്നാണ് തീരത്ഥ് സിങ് പറഞ്ഞത്. കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

നിസാമുദ്ദീന്‍ മര്‍ക്കസ് പോലെയല്ല, ഹരിദ്വാറിലെ കുംഭമേള. മര്‍ക്കസ് അടച്ചിട്ട ഹാളാണ്. അവിടെ ഉറങ്ങിയവര്‍ പുതുപ്പുകള്‍ വരെ പങ്കിട്ട് ഉപയോഗിച്ചിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് തുറസായ സ്ഥലത്താണ്. കൊവിഡ് വ്യാപനമുണ്ടാകില്ല. 16 സ്‌നാന ഘട്ടുകളുണ്ടിവിടെ. മാത്രമല്ല, മേളയ്ക്ക് എപ്പോഴും ഗംഗാദേവിയുടെ അനുഗ്രഹമുണ്ട്. അതുകൊണ്ട് കൊവിഡ് വരില്ല. സമയക്രമം പാലിച്ചാണ് അഖാഡകള്‍ ഘട്ടുകളില്‍ എത്തുന്നതെന്നും മര്‍ക്കസും കുംഭമേളയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തീരത്ഥ് സിങ് പറഞ്ഞു.

മര്‍ക്കസ് നടന്നപ്പോള്‍ കൊവിഡിനെക്കുറിച്ച് ആവശ്യമായ അവബോധം ആര്‍ക്കുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കൊവിഡിനെക്കുറിച്ച് ബോധവാന്‍മാരാണ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് കുംഭമേള നടക്കുന്നത്. വെല്ലുവിളികള്‍ക്കിടയിലും വിജയകരമായി മേള നടത്തുക എന്നതാണ് ലക്ഷ്യം. ലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസവും വികാരവുമാണ് കുംഭമേളയെന്നും തീരത്ഥ് സിങ് പറഞ്ഞു.

തിങ്കളാഴ്ച ആറു ലക്ഷത്തിലധികം പേരാണ് ഗംഗയിലെ സ്നാനത്തിനായി എത്തിയതെന്നാണ് കണക്കുകള്‍. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കുംഭമേള ഹോട്ട്‌സ്‌പോട്ടായി മാറുമോയെന്ന ആശങ്ക ശക്തമായിരുന്നു. ഇക്കാര്യം ദേശീയതലത്തില്‍ ചര്‍ച്ചയുമായിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ഥ് സിങ്ങിന്റെ വിശദീകരണം.

പ്രശസ്തമായ ഹര്‍ കി പോഡി ഘട്ടിലടക്കം തെര്‍മല്‍ സ്‌കാനിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞദിവസം ഒരു ദേശീയ മാധ്യമങ്ങൾ റിപോര്‍ട്ട് ചെയ്തിരുന്നു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ല. കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്, തെര്‍മല്‍ സ്‌കാനിങ്, മാസ്‌ക് ധരിക്കല്‍ തുടങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Similar News