മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു

Update: 2024-05-04 17:05 GMT

മലപ്പുറം: ജില്ലയിലെ ജ്വല്ലറികളിലേക്ക് മൊത്തമായി സ്വര്‍ണം വിതരണം ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഒഴൂരിന് സമീപം മോട്ടോര്‍ ബൈക്കില്‍ വരുന്നതിനിടെയാണ് കവര്‍ച്ച. മഞ്ചേരിയില്‍ സ്വര്‍ണം നല്‍കി കോട്ടക്കലേക്ക് വരുമ്പോള്‍ വെന്നിയൂര്‍ പറമ്പില്‍ എത്തണമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. താനൂരില്‍ ഒരു പുതിയ ജ്വല്ലറി തുടങ്ങാന്‍ സ്വര്‍ണാഭരണം ആവശ്യമുണ്ടെന്ന് അറിയിച്ചായിരുന്നു ഇത്. അവിടെ എത്തിയപ്പോള്‍ ഒഴൂരിലേക്ക് വരാന്‍ സന്ദേശം നല്‍കി. വിജനമായ അവിടെ വച്ച് മര്‍ദിച്ച് കാറില്‍ ബലമായി കയറ്റി ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. മൊബൈല്‍ ഫോണും താക്കോലുകളും കളവ് പോയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായുള്ള മഹാരാഷ്ട്രക്കാരുടെ ആഭരണ


നിര്‍മാണശാലയിലെ സ്വര്‍ണമാണിതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെത്തെ പ്രവീണ്‍ സിങിന്റെ പരാതിയിലാണ് കേസെടുത്തത്. 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്. 5 അംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സൂചന. പ്രതികളെ കുറിച്ച് പ്രാഥമിക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി വി.വി.ബെന്നിക്കാണ് വന്‍ കവര്‍ച്ചയുടെ അന്വേഷണ ചുമതല.




Similar News