കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2022-05-24 06:07 GMT

കണ്ണൂര്‍: പാര്‍ക്കില്‍വെച്ച് കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. തലശ്ശേരി പന്ന്യന്നൂരിലെ വിജേഷ് (30), വടക്കുമ്ബാട് മഠത്തും ഭാഗത്തെ അനീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. വിജേഷ് കമിതാക്കളറിയാതെ അവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി. കമിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

തലശ്ശേരി പാര്‍ക്കിലെത്തുന്ന കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് മൂന്നുപേരെ കഴിഞ്ഞ ദിവസം തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പോലിസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. ഈ സംഭവത്തില്‍ നടത്തിയ തുടരന്വേഷണത്തിലാണ്, പാര്‍ക്കിലെത്തുന്നവരുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നവരെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

മൊബൈല്‍ഫോണിന് പകരം ഒളി കാമറ ഉപയോഗിച്ചാണ് പാര്‍ക്കിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഘം രാവിലെ മുതല്‍ പാര്‍ക്കിന്റെ പല സ്ഥലങ്ങളിലായി തമ്പടിക്കുന്നതായാണ് വിവരം. ഇവിടെ നിന്ന് പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ചില അശ്ലീല സൈറ്റുകളിലേക്കും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ടെലഗ്രാം ഗ്രൂപ്പുകളിലും എത്തിച്ചു നല്‍കി ഇവര്‍ പണം സമ്പാദിക്കുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ പോലിസിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

Similar News