പാകിസ്താനെതിരായ പരാമര്‍ശം അതിരുകടന്നത്; 'ഹൗഡി മോദി'യിലെ മോദിയുടെ പരാമര്‍ശത്തെ തള്ളി ഡോണള്‍ഡ് ട്രംപ്

ചടങ്ങില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

Update: 2019-09-24 14:22 GMT

വാഷിങ്ടണ്‍: യുഎസിലെ ഹൂസ്റ്റണില്‍ ഞായറാഴ്ച നടന്ന ഹൗഡി മോദി ചടങ്ങിനിടെ ഭീകരതയില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്നുണ്ടായത് അതിരുകടന്ന പരാമര്‍ശമെന്ന് ഡോണള്‍ഡ് ട്രംപ്. ചടങ്ങില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമൊത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മോദിയെ ട്രംപ് കുറ്റപ്പെടുത്തിയത്. 'രണ്ട് വലിയ രാജ്യങ്ങളുണ്ട്. അവര്‍ പരസ്പരം യുദ്ധം ചെയ്യുകയും പോരടിക്കുകയും ചെയ്യുന്ന രാജ്യങ്ങളാണ്. വളരെ അതിരു കടന്ന പരാമര്‍ശമാണ് താന്‍ ഇന്നലെ കേട്ടത്. താന്‍ അവിടെയുണ്ടായിരിക്കെ പറയാന്‍ പാടില്ലാത്തതായിരുന്നു അത്. ഇത്തരമൊരു പരാമര്‍ശമുണ്ടാവുമെന്ന് തനിക്കറിയില്ലായിരുന്നു.ഇന്നലെ, ഇന്ത്യയില്‍ നിന്ന്, പ്രധാനമന്ത്രിയില്‍ നിന്ന് കേള്‍ക്കേണ്ടിവന്നത് അതിരുകടന്ന പരാമര്‍ശമായിരുന്നു. നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ മികച്ച സ്വീകാര്യത ലഭിച്ച ആ പരാമര്‍ശം വളരെ അതിരുകവിഞ്ഞതാണ്''-ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുമായും തനിക്ക് മികച്ച ബന്ധമുണ്ട്. ഇരു രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. അവര്‍ ആ വികാരം ഉപയോഗിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഇരുവരെയും തങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കുന്നതിനെക്കുറിച്ചും ഭീകരതയെ ചെറുക്കുന്നതോടൊപ്പം ഇരു രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News