ഡല്‍ഹിയില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ച് സെന്‍കുമാര്‍; നടപടി വേണമെന്ന ആവശ്യം ശക്തം

വ്യാജമാണെന്നു നിരവധി മാധ്യമങ്ങള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയ ഈ പ്രചാരണം മനപ്പൂര്‍വ്വം പങ്കുവച്ചത് സംസ്ഥാനത്ത് കലാപം ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്. സെന്‍ കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയരുന്നുണ്ട്.

Update: 2020-03-02 07:01 GMT

കോഴിക്കോട്: ഡല്‍ഹിയില്‍ മുസ്‌ലിം വീടുകളിലും അണ്ടര്‍ഗ്രൗണ്ടുകളിലും നടന്ന റെയ്ഡുകളില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന ഫേസ്ബുക്കിലെ വ്യാജ പ്രചാരണം ഏറ്റുപിടിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. നിരവധി മാധ്യമങ്ങള്‍ നേരത്തേ തെളിവ് സഹിതം പൊളിച്ചടുക്കിയതാണ് ഈ ആരോപണം. വ്യാജ ആരോപണങ്ങളടങ്ങിയ അജിത്കുമാര്‍ ജെ എസ് എന്നയാളുടെ പോസ്റ്റാണ് സെന്‍കുമാര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവച്ചത്.


വ്യാജമാണെന്നു നിരവധി മാധ്യമങ്ങള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയ ഈ പ്രചാരണം മനപ്പൂര്‍വ്വം പങ്കുവച്ചത് സംസ്ഥാനത്ത് കലാപം ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമാണ്. സെന്‍ കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായി ഉയരുന്നുണ്ട്.


മുസ്‌ലിം വീടുകളില്‍ നിന്നും അണ്ടര്‍ഗ്രൗണ്ടുകളില്‍ നിന്നുമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതോടൊപ്പം വന്‍ ആയുധ ശേഖരങ്ങളുടെ ചിത്രവും ഉള്‍കൊള്ളിച്ചുള്ളതാണ് പോസ്റ്റ്. ആയുധങ്ങള്‍ പിടിച്ചെടുത്ത വാര്‍ത്ത മലയാള മാധ്യമങ്ങള്‍ മുക്കിയെന്നാണ് ആരോപണം. ലഹളയില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും ലഹളയില്‍ ചുമത്തപ്പെട്ട എഫ്‌ഐആറിന്റെ കണക്കുകളും ഉപയോഗിച്ചിരിക്കുന്നു. ജോര്‍ദാനില്‍ ക്ലാസിക് ഫാഷന്‍ അപാരല്‍ ഇന്റസ്ട്രി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഗിരീഷ് രവീന്ദ്രന്‍ നായര്‍(Gireesh Rav-eendran Nair, tthps://www.facebook.com/lijugireesh) എന്ന ഐഡിയില്‍നിന്നാണ് ഇതു സംബന്ധിച്ച ആദ്യം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നൂറുകണക്കിന് പേര്‍ ഇതു പങ്കുവയ്ക്കുകയും വിദ്വേഷം ജനകമായ നിരവധി കമന്റുകള്‍ ഇടുകയും ചെയ്തിരുന്നു.


 പോസ്റ്റില്‍ ഉപയോഗിച്ച ചിത്രങ്ങള്‍ പലതും കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ വടക്കേ ഇന്ത്യയില്‍ പ്രചരിപ്പിച്ചവയാണെന്ന് തേജസ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

മറ്റു ചിലത് ഗുജറാത്തിലെ മദ്രസയില്‍ നിന്ന് പിടിച്ചെടുത്തവയെന്നും പ്രചരിപ്പിച്ചിരുന്നു. ഈ ആരോപണങ്ങളെ നേരത്തെ തന്നെ ആള്‍ട്ട് ന്യൂസ് പൊളിച്ചുകളഞ്ഞിരുന്നുവെന്നതാണ് വസ്തുത. അതുതന്നെയാണ് ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്.

ആദ്യ ചിത്രം ഗുജറാത്തിലെ മദ്രസയില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പറഞ്ഞ് ഇന്ദാനില്‍ മുഖര്‍ജി എന്ന ഒരാള്‍ പോസ്റ്റ് ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ അത് പഞ്ചാബിലെ പട്യാലയിലെ ഒരു ' കൃപാ ണ്‍ ' ഫാക്ടറിയുടേതാണ്. ഈ ചിത്രം നഗരത്തില്‍ സ്ഥിതിചെയ്യുന്ന 'ഖല്‍സ കൃ പാണ്‍ ' ഫാക്ടറിയുടേതാണ്. ഈ ചിത്രത്തിന്റെ ആധികാരികതയ്ക്കായി അന്നു തന്നെ ആള്‍ട്ട് ന്യൂസ് ഖല്‍സ കൃപാ ണ്‍ ഫാക്ടറിയുമായി ബന്ധപ്പെടുകയും ഫോട്ടോ അവിടെ നിന്നാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഏഴ് മാസം മുമ്പാണ് അത് നടന്നത്. ആ ഫോട്ടോ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

അടുത്ത ഫോട്ടോ പാനൂരിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് അവകാശപ്പെട്ട് ഒരു മലയാളം പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചതാണ്. 2018 ജനുവരിയില്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത വന്നത്. അന്നുപയോഗിച്ച ഒരു ഫോട്ടോയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.


പോലിസുകാര്‍ നടന്നു നീങ്ങുന്ന ഫോട്ടോ ഗെറ്റി ഇമേജാണ്. ഇതേ ഫോട്ടോ ധാരാളം പോലിസ് റിക്രൂട്ട്‌മെന്റ് വാര്‍ത്തകളില്‍ 2018 മുതല്‍ ഉപയോഗിച്ചുവരുന്നു. അടുത്ത ചിത്രവും ഇത്തരത്തില്‍ ഒരിക്കല്‍ പ്രചരിപ്പിക്കപ്പെട്ടതാണ്. ചിത്രത്തില്‍ കാണുന്ന ആയുധങ്ങള്‍ ഡല്‍ഹിയില്‍ നിന്നല്ല, അഹമ്മദാബാദിലെ രാജ്‌കോട്ട് ഹൈവേയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു പിടിച്ചെടുത്തത്. ഇതും നേരത്തെ ആള്‍ട്ട് ന്യൂസ് പൊളിച്ചുകൊടുത്ത ഒരു അവകാശവാദമായിരുന്നു. ആദ്യ ചിത്രം ഇതേ ചിത്രത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു.

Tags:    

Similar News