കയ്യേറ്റത്തിനിരയായ മാധ്യമ പ്രവര്‍ത്തകന്‍ ടി പി സെന്‍കുമാറിനെതിരേ പോലിസില്‍ പരാതി നല്‍കി

കലാ പ്രേമി മലയാളം ഡെയ്‌ലി ബ്യൂറോ ചീഫ് കടവില്‍ കെ റഷീദാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

Update: 2020-01-16 15:10 GMT

തിരുവനന്തപുരം: കയ്യേറ്റത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകന്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ പോലിസില്‍ പരാതി നല്‍കി. കലാ പ്രേമി മലയാളം ഡെയ്‌ലി ബ്യൂറോ ചീഫ് കടവില്‍ കെ റഷീദാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. വാര്‍ത്താസമ്മേളനത്തിനിടെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍വച്ച് സെന്‍കുമാര്‍, സുഭാഷ് വാസു തുടങ്ങിയ കണ്ടാലറിയാവുന്ന പത്തുപേര്‍ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂനിയനും ജില്ലാ കമ്മിറ്റിയും പരാതി നല്‍കാനിരിക്കുകയാണ്. ഡിജിപിയെ വരും ദിവസം നേരില്‍ കണ്ട് സംഭവത്തിന്റെ ഗൗരവം ധരിപ്പിക്കും. വെള്ളിയാഴ്ച കമ്മീഷണറെ കാണുമെന്നും റഷീദിന് നിയമ സഹായം ഉള്‍പ്പെടെ എല്ലാ സഹായവും നല്‍കുമെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി അറിയിച്ചു.

എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെയാണ് മാധ്യമ പ്രവര്‍ത്തകനെ സെന്‍കുമാറിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തിയത്. രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെക്കുറിച്ചും ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പത്രപ്രവര്‍ത്തകന്‍ ചോദിച്ചതോടെ സെന്‍കുമാര്‍ ക്ഷുഭിതനാവുകയായിരുന്നു. താങ്കളുടെ പേരെന്താണെന്നും പത്രപ്രവര്‍ത്തകന്‍ ആണോയെന്നും സെന്‍കുമാര്‍ ചോദിച്ചു. അടുത്തേക്ക് വരാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പത്രപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അരികിലേക്കെത്തി ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചു. ഈ സമയം സെന്‍കുമാര്‍ പത്രപ്രവര്‍ത്തകനോട് മദ്യപിച്ചിട്ടുണ്ടോയെന്നും അതുപോലെയാണ് പെരുമാറ്റമെന്നും പറഞ്ഞു. എസ്എന്‍ഡിപിയുമായി ബന്ധപ്പെട്ടുള്ള ചോദ്യം മാത്രമേ ചോദിക്കാവൂ എന്നും രമേശ് ചെന്നിത്തലക്ക് താന്‍ മറുപടി നല്‍കിയിട്ടുണ്ടെന്നും സെന്‍കുമാര്‍ അറിയിച്ചു.

അതിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പുറത്താക്കാന്‍ സെന്‍കുമാറിന്റെ കൂടെയെത്തിയ സംഘത്തിന്റെ ശ്രമം മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് തടഞ്ഞത്. ഇതിനിടെ സെന്‍കുമാറിനെ തണുപ്പിക്കാന്‍ ശ്രമിച്ച സുഭാഷ് വാസുവും ശകാരത്തിന് ഇരയായി.



Tags:    

Similar News