മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ടി പി സെന്‍കുമാറിന്റെ പരാതിയില്‍ എടുത്ത കേസ് പിന്‍വലിച്ച നടപടി സ്വാഗതം ചെയ്ത് പത്രപ്രവര്‍ത്തക യൂനിയന്‍

ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കള്ളക്കേസ് പിന്‍വലിക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനേയും യൂനിയന്‍ അഭിനന്ദിച്ചു.

Update: 2020-02-04 17:02 GMT

തിരുവനന്തപുരം: വാര്‍ത്താസമ്മേലനത്തില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായി ടിപി സെന്‍കുമാര്‍ നല്‍കിയ കള്ളപ്പരാതിയില്‍ എടുത്ത കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു കേരള പത്രപ്രവര്‍ത്തക യൂനിയന്‍. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് കള്ളക്കേസ് പിന്‍വലിക്കാന്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനേയും യൂനിയന്‍ അഭിനന്ദിച്ചു.

അതേസമയം, മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാതിയില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് എടുത്ത കേസ് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിയെ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സ്വാഗതം ചെയ്തു. തിരുവനന്തരം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചതിന് സെന്‍കുമാറിന്റെ നേതൃത്വത്തില്‍ ഗുണ്ടകള്‍ മാധ്യമ പ്രവര്‍ത്തകന്‍ കടവില്‍ റഷീദിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിനെതിരേ പരാതി നല്‍കിയപ്പോഴാണ് സെന്‍കുമാര്‍ തിരിച്ച് പരാതി നല്‍കിയത്. റഷീദിനോട് വാര്‍ത്ത സമ്മേളനത്തിനിടെ മോശമായി പെരുമാറിയതിനെതിരേ മാധ്യമ സമൂഹം ശക്തമായി പ്രതികരിക്കണം എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പ്രതികരിച്ചതിനാണ് പി ജി സുരേഷ്‌കുമാറിനെതിരേ മുന്‍ ഡിജിപി പരാതി നല്‍കിയത്. തികച്ചും വ്യാജമായ ഈ പരാതിയില്‍ പോലിസ് ഏകപക്ഷീയമായി കേസെടുക്കുകയുമായിരുന്നു.

ഇത് സംബന്ധിച്ച് യൂനിയന്‍ പരാതി നല്‍കിയ ഉടനെ മുഖ്യമന്ത്രി തുടര്‍ നടപടിക്ക് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സെന്‍കുമാറിന്റെ പരാതി വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാറും സ്വീകരിച്ച നടപടിയില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. സമാന രീതിയില്‍ കോടതി വളപ്പിലുണ്ടായ സംഭവത്തില്‍ തലസ്ഥാനത്തെ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ തെറ്റായ നിലയില്‍ എടുത്ത കേസും പിന്‍വലിക്കണമെന്ന് യൂനിയന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Tags:    

Similar News