സ്‌കൂള്‍ ഗ്രൗണ്ടിലെ അഭ്യാസ പ്രകടനം; രണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ പിടിച്ചെടുത്തു, ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും

പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തത്. അപകടകരമായി വാഹനം ഓടിച്ച നിയാസ്, സിനു എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി.കസ്റ്റഡിയില്‍ എടുത്ത ഡ്രൈവര്‍മാരെ വിട്ടയച്ചുവെങ്കിലും ഇവരോട് ഇന്ന് രാവിലെ അഞ്ചല്‍ പൊലിസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Update: 2019-11-30 03:17 GMT

കൊല്ലം: സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ അഭ്യാസം കാണിച്ച ടൂറിസ്റ്റ് ബസ്സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ജില്ലാ അതിര്‍ത്തിയില്‍ വച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ട്ടര്‍മാരായ റാംജി കെ കരണ്‍, രാജേഷ് ജി ആര്‍ സേഫ് കേരള എംവിഐ ശരത് ഡി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഡ്രൈവര്‍മാരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ലൈസന്‍സുകള്‍ പിടിച്ചെടുത്തു.

പുലര്‍ച്ചെ ഒരുമണിയോടെയാണ് രണ്ട് ബസുകളും കസ്റ്റഡിയിലെടുത്തത്. അപകടകരമായി വാഹനം ഓടിച്ച നിയാസ്, സിനു എന്നിവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി.കസ്റ്റഡിയില്‍ എടുത്ത ഡ്രൈവര്‍മാരെ വിട്ടയച്ചുവെങ്കിലും ഇവരോട് ഇന്ന് രാവിലെ അഞ്ചല്‍ പൊലിസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കേസെടുത്തത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുന്ന 336 വകുപ്പ് അനുസരിച്ചാണ് നടപടി.

കൂടാതെ വാഹനത്തിന്റെ ഫിറ്റ്‌നെസ്സ്, പെര്‍മിറ്റ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. അതേ സമയം, ബസ്റ്റില്‍ നിയമം ലംഘിച്ച് ഫിറ്റ് ചെയ്ത ആഡംബര ഹോണുകള്‍, ലൈറ്റുകള്‍, സ്റ്റീരിയോ സിസ്റ്റം എന്നിവ ഇളക്കി മാറ്റിയതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. ബസ്സുകള്‍ അഞ്ചന്‍ പോലിസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയും ഞായറാഴ്ചയുമാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലുമാണ് വിനോദ യാത്രക്ക് പോകുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ ഈ രണ്ടു ബസുകള്‍ അപകടകരമാം വിധം ഓടിച്ച് അഭ്യാസ പ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് സംഭവം വിവാദമാകുന്നത്.

Tags:    

Similar News