പോലിസുകാരുടെ സ്ഥലം മാറ്റം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് മമത

ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുള്ള പക്ഷപാതപരമായ നടപടിയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ മമത ആരോപിച്ചു.

Update: 2019-04-06 14:51 GMT

കൊല്‍ക്കത്ത: പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങല്‍ക്കു മുമ്പ് പശ്ചിമ ബംഗാളിലെ നാല് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയെ സഹായിക്കാന്‍ വേണ്ടിയുള്ള പക്ഷപാതപരമായ നടപടിയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ മമത ആരോപിച്ചു.

ഈ സംഭവങ്ങള്‍ കമ്മീഷന്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണോ, ഭരിക്കുന്ന ബിജെപിയെ തൃപ്തിപ്പെടുത്താനാണോ പ്രവര്‍ത്തിക്കുന്നതെന്ന സംശയം ഉയര്‍ത്തുന്നതാണ്-മമതയുടെ കത്തില്‍ പറയുന്നു. ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. പുതുതായി നിയമിക്കപ്പെടുന്ന ഓഫിസര്‍മാര്‍ പ്രദേശത്ത് പുതിയ ആളുകളായിരിക്കും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കള്ളപ്പണവും മദ്യവും പിടിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തെ ഇത് താറുമാറാക്കിയേക്കും.

കൊല്‍ക്കത്ത പോലിസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള നാല് ഉദ്യോഗസ്ഥരെ മാറ്റുന്നതിനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഇവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ജോലിക്കും നിയോഗിക്കാനാവില്ല.

കൊല്‍ക്കത്ത പോലിസ് കമ്മീഷണറായി ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് നിയമിതനായ അനുജ് ശര്‍മയ്ക്ക് പകരം പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എഡിജിപി ഡോ. രാജേഷ് കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്. കൊല്‍ക്കത്ത കമ്മീഷണറായിരുന്ന രാജീവ് കുമാറിന്റെ വസതിയിലേക്ക് സിബിഐ അന്വേഷണത്തിന് എത്തിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് അനുജ് ശര്‍മ നിയമിതനായത്. ഇതേ തുടര്‍ന്ന് മമതാ ബാനര്‍ജി സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ ധര്‍ണ നടത്തിയിരുന്നു. അന്ന് മമതയ്‌ക്കൊപ്പം ധര്‍ണയില്‍ പങ്കെടുത്തയാളാണ് ശര്‍മ. ധര്‍ണയില്‍ ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനായ ബിദാന്‍ നഗര്‍ കമ്മീഷണര്‍ ഗ്യാന്‍വന്ത് സിങിനെയും മാറ്റിയിട്ടുണ്ട്. 

Tags: