തൃശൂര്‍ പൂരം: ആന ഉടമകളുമായി ദേവസ്വം മന്ത്രിയുടെ നിര്‍ണായക ചര്‍ച്ച ഇന്ന്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്നാണ് ആന ഉടമകളുടെ സംഘടനകള്‍ നിലപാടറിയിച്ചത്

Update: 2019-05-09 01:54 GMT

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉല്‍സവങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിനു ആനകളെ വിട്ടുനില്‍കില്ലെന്ന ഉടമകളുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രി ഇന്ന് ആന ഓണേഴ്‌സ് ഫെഡറേഷന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. വൈകീട്ട് നാലിനു മന്ത്രിയുടെ ഓഫിസിലാണ് ചര്‍ച്ച നടക്കുക. കൃഷി, വനം വകുപ്പ് മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കുമെന്നാണു സൂചന. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്നാണ് ആന ഉടമകളുടെ സംഘടനകള്‍ നിലപാടറിയിച്ചത്. തൃശൂര്‍ പൂരത്തിന് മറ്റു ആനകളെയും വിട്ടുനല്‍കില്ലെന്നാണ് ഉടമകളുടെ പ്രഖ്യാപനം. മന്ത്രിതല യോഗത്തിലെ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച ആന ഉടമകള്‍ നിലപാട് കടുപ്പിച്ചതോടെയാണ് ദേവസ്വം മന്ത്രി അനുരഞ്ജന നീക്കം തുടങ്ങിയത്. തൃശൂര്‍ പൂരത്തെ മുന്‍നിര്‍ത്തി ആനയുടമകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ സര്‍ക്കാരും പ്രതിസന്ധിയിലായി. ഇതേത്തുടര്‍ന്നാണ് ദേവസ്വം മന്ത്രി തന്നെ നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്ന നിലപാട് ചര്‍ച്ചയില്‍ ആവര്‍ത്തിക്കാനാണു ആന ഉടമകളുടെ തീരുമാനമെന്നാണു സൂചന. ചര്‍ച്ചയിലെ പ്രധാന വിഷയമായി ഇതിനെ ഉയര്‍ത്തണമെന്നതില്‍ ആനയുടമകള്‍ ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം, കോടതി വിധിയില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട് ദേവസ്വം മന്ത്രി ചര്‍ച്ചയില്‍ അവതരിപ്പിക്കാനാണു സാധ്യത. ഏതായാലും തൃശൂര്‍ പൂരത്തിന്റെ മാറ്റിനെ ബാധിക്കുന്ന വിഷയത്തില്‍ ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവാനാണു സാധ്യത കൂടുതല്‍.




Tags:    

Similar News