ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങി; പൂരാവേശത്തിലലിയാന്‍ തൃശ്ശൂര്‍

Update: 2023-04-30 04:29 GMT

തൃശ്ശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശ്ശൂര്‍ പൂരത്തിന് നാടൊരുങ്ങി. ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങിയതോടെ ഇനി പൂരനഗരിക്ക് വിശ്രമമില്ലാത്ത നിമിഷങ്ങള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലേക്കെത്തിയതോടെ ആവേശം കൊടുമുടിയേറി. നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റിയാണ് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരനഗരിയിലെത്തിയത്. റോഡില്‍ ഇരുവശങ്ങളിലുമായി ആയിരങ്ങളാണ് നെയ്തിലക്കാവിലമ്മയെയും തിടമ്പേറ്റി വരുന്ന ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കാണാനെത്തിയത്. രാവിലെ 11ഓടെ വാദ്യഘോഷം തീര്‍ക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങും. ഉച്ചയ്ക്ക് 12.15 നാണ് പാറമേക്കാവിന്റെ എഴുന്നള്ളത്ത്. രണ്ടിന് ഇലഞ്ഞിത്തറമേളം. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും പൂരനഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ആവേശഭരിതമാക്കും. വൈകീട്ടാണ് വിശ്വപ്രസിദ്ധമായ തെക്കോട്ടിറക്കവും കുടമാറ്റവും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഗജവീരന്‍മാരെ അണി നിരത്തി പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് പൂര ദിനത്തിലെ മുഖ്യ ആകര്‍ഷണം. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കുടമാറ്റം തന്നെയാണ് ഏറെ കാത്തിരിക്കുന്ന കാഴ്ച. ഇതിന് ശേഷം പുലര്‍ച്ചെയോടെയാണ് വെടിക്കെട്ട്. നാളെ അടുത്ത പൂരത്തിന്റെ തിയ്യതി പ്രഖ്യാപിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയും.

Tags:    

Similar News