ബംഗാളില്‍ വെടിയേറ്റുമരിച്ചത് കേരളത്തില്‍ ജോലിചെയ്തിരുന്നവര്‍

ശീതള്‍കുച്ചിയിലെ ജോഡ്പാട്ക്കി ഗ്രാമത്തില്‍നിന്നുള്ള ഹമീമുള്‍ മിയ (28), ശമീയുള്‍ ഹഖ് (27), മനീറുസ്സമാന്‍ മിയാ (30), നൂര്‍ ആലം ഹുസൈന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2021-04-12 02:21 GMT

കൊല്‍ക്കത്ത: കൂച്ച്ബിഹാര്‍ ജില്ലയിലെ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള നിയമസഭാമണ്ഡലമായ ശീതള്‍കുച്ചിയില്‍ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് കേരളത്തില്‍നിന്നുപോയ അതിഥിതൊഴിലാളികള്‍. ശീതള്‍കുച്ചിയിലെ ജോഡ്പാട്ക്കി ഗ്രാമത്തില്‍നിന്നുള്ള ഹമീമുള്‍ മിയ (28), ശമീയുള്‍ ഹഖ് (27), മനീറുസ്സമാന്‍ മിയാ (30), നൂര്‍ ആലം ഹുസൈന്‍ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇവര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനായി അടുത്തിടെയാണ് കേരളത്തില്‍നിന്ന് സ്വദേശത്തേക്ക് മടങ്ങിയത്.

കൊവിഡ് കാലത്ത് കേരളത്തില്‍നിന്ന് തിരിച്ചെത്തിയ ഇവര്‍ അടുത്തിടെ വീണ്ടും കേരളത്തിലെത്തിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പ്രമാണിച്ച് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. അതതുകുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ടവരെന്ന് അടുത്ത ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ അനുഭാവികളാണ് കൊല്ലപ്പെട്ടവര്‍.

കൂച്ച് ബിഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മരിച്ചവരുടെ ബന്ധുക്കളെ നേരില്‍ക്കാണാന്‍ കഴിഞ്ഞില്ല. ഇവരുമായി വീഡിയോകോള്‍വഴി സംസാരിച്ച മമത കുടുംബങ്ങളെ തങ്ങള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ ഹോമിയോപ്പതി വിദ്യാര്‍ഥിയായ 18കാരനായ ആനന്ദ് ബര്‍മനും വെടിയേറ്റു മരിച്ചിരുന്നു.ശീതള്‍കുച്ചി മണ്ഡലത്തിലെത്തന്നെ ഗൊലേനാഹട്ടി മേഖലയിലുള്ള ഒരു ബൂത്തില്‍ രാഷ്ട്രീയസംഘര്‍ഷത്തിനിടെയാണ് ഇദ്ദേഹം വെടിയേറ്റുമരിച്ചത്.

Tags:    

Similar News