കശ്‌മീര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നവർ രാജ്യദ്രോഹികള്‍: കണ്ണന്‍ ഗോപിനാഥന്‍

പ്രതികരണങ്ങള്‍ക്കുപോലും സ്വയം സെന്‍സര്‍ഷിപ് നടത്തുന്ന പ്രവണതയേറുകയാണ് ഇപ്പോള്‍. നാം സ്വപ്നം കാണുന്ന ഇന്ത്യ യാഥാര്‍ഥ്യമാക്കേണ്ടത് നമ്മളോരോരുത്തരുമാണ്.

Update: 2019-10-13 16:56 GMT

കൊച്ചി: കശ്മീരി ജനതയുടെ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയിൽ മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കശ്മീരിലെ കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍നിന്ന് രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. 'ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്ന കാലം' എന്ന വിഷയത്തില്‍ ജനകീയ പ്രതിരോധസമിതി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം പ്രസ്സ് ക്ലബിലാണ് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. അടിച്ചമര്‍ത്തിയതിലൂടെ കശ്മീര്‍ ജനതയ്ക്ക് രാഷ്ട്രത്തോടുള്ള വിശ്വാസം നഷ്ടമായി. അത് ഇനി തിരിച്ചുപിടിക്കുന്നതെങ്ങനെയാണ്? പൗരൻറെ അവകാശങ്ങള്‍ സര്‍ക്കാരിന്റെ ഔദാര്യമല്ല എന്ന ബോധ്യം ഓരോ പൗരനും ഉണ്ടാകണം. ലഭിക്കാത്ത അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരണങ്ങള്‍ക്കുപോലും സ്വയം സെന്‍സര്‍ഷിപ് നടത്തുന്ന പ്രവണതയേറുകയാണ് ഇപ്പോള്‍. നാം സ്വപ്നം കാണുന്ന ഇന്ത്യ യാഥാര്‍ഥ്യമാക്കേണ്ടത് നമ്മളോരോരുത്തരുമാണ്. അത് സാംസ്‌കാരിക നായകരുടെയോ സാമൂഹിക പ്രവര്‍ത്തകരുടെയോ മാത്രം ചുമതലയാണെന്നു കരുതരുത്. ഒരേ അഭിപ്രായമുള്ളവരോടല്ല, വ്യത്യസ്ത അഭിപ്രായമുള്ളവരോടാണ് സംവദിക്കേണ്ടത്. അപ്പോഴാണ് വ്യത്യസ്തമായ ആശയങ്ങള്‍ ജനിക്കുക.

ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ മുസ്‌ലിംകൾക്ക് ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ട സ്ഥിതിയാണ്. എന്നാല്‍, ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ മുസ്‌ലിം അല്ലാത്തവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. ഇത് നീതിയല്ല. ഇത്തരം അതിക്രമങ്ങളിലൂടെ സര്‍ക്കാരല്ല, രാഷ്ട്രമാണ് പരാജയപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News