തുരുത്തിയിൽ ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ പ്രതിഷേധം; ആത്മഹത്യാശ്രമം

തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത പോലിസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതർ എത്തിയത്.

Update: 2021-01-14 10:29 GMT

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ദേശീയ പാതാ അധികൃതര്‍ എത്തിയതിനെത്തുടര്‍ന്ന് പ്രതിഷേധം. പ്രദേശത്ത് പോലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തെതുടർന്ന് സമരസമിതി നേതാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍, പാപ്പിനിശ്ശേരി പഞ്ചായത്തിലെ ദലിത് സെറ്റിൽമെന്റാണ് തുരുത്തി.

തുരുത്തി സമര സമിതിയുടെ ശക്തമായ പ്രതിഷേധമുള്ളതിനാൽ കനത്ത പോലിസ് സന്നാഹത്തോടെയാണ് സ്ഥലം അളക്കലിനായി ദേശീയപാത അധികൃതർ എത്തിയത്. രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പ്രദേശത്ത് നടക്കുന്നുണ്ട്. സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യ ഘട്ടത്തില്‍ അളന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങള്‍ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുല്‍ കൃഷ്ണ എന്ന യുവാവ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

പ്രദേശത്ത് ആളുകളെ സംഘടിപ്പിച്ചതിനും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും സമരസമിതി നേതാവ് നിഷില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ വന്‍ പ്രതിഷേധം ഉണ്ടായി. പ്രദേശത്തുകൂടി വളവില്ലാതെ ബൈപാസ് പോകാൻ നിർദിഷ്ട സ്ഥലത്തുനിന്ന് 100 മീറ്റർ മാറിയാൽ സാധിക്കുമെന്നും ദുർബല വിഭാഗക്കാരുടെ വീടുകൾ സംരക്ഷിക്കപ്പെടുമെന്നും സമരസമിതി പ്രവർത്തകർ ചൂണ്ടിക്കാ‌ട്ടുന്നു.

ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന തുരുത്തി ദലിത് സെറ്റിൽമെന്റ് നിവാസികൾ നടത്തുന്ന കുടിൽകെട്ടി സമരം ആയിരം ദിവസത്തിലേക്ക്. കണ്ണൂർ ബൈപാസിനെതിരേ 18ന് വൈകിട്ട് തുരുത്തിയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും. സംസ്ഥാനത്തെ വിവിധ സാമൂഹിക, സാംസ്കാരിക ദലിത് നേതാക്കൾ കൂട്ടായ്മയിൽ പങ്കെടുക്കും. പ്രദേശത്തെ വ്യവസായികളെ സംരക്ഷിക്കാൻ 500 മീറ്ററിനിടയിൽ 4 അശാസ്ത്രീയ വളവുകൾ വരുത്തിയതോടെ 24 ദലിത് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്.   

സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി ആഘാത പഠനം നടത്താതെയും, അലൈൻമെന്റ് പുനപരിശോധിക്കണമെന്നു സംസ്ഥാന പട്ടികജാതി കമ്മിഷന്റെ നിർദേശം നടപ്പിലാക്കാതെയുമാണ് ദേശീയ പാത വികസിപ്പിക്കുന്നതെന്നു സമരസമിതി ആരോപിക്കുന്നു. 

Similar News