സമസ്ത തള്ളിയതിനു പിന്നാലെ പള്ളികളിലെ പ്രതിഷേധത്തില്‍നിന്നു ലീഗ് പിന്‍മാറി

സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്ന സമസ്തയുടെ നിലപാട് അംഗീകരിക്കുന്നതായും സമസ്തയുടെ തീരുമാനത്തിന് ഒപ്പം ആണ് ലീഗ് എന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Update: 2021-12-02 08:46 GMT

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരേ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുസ്‌ലിം ലീഗ് പിന്‍മാറി. പള്ളികള്‍ പ്രതിഷേധത്തിന് വേദിയാക്കുന്നതിനെതിരേ സമസ്ത രംഗത്തു വന്നതിനു പിന്നാലെയാണ് പള്ളികളിലെ പ്രതിഷേധത്തില്‍നിന്നു ലീഗ് പിന്‍മാറിയത്.

സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കാമെന്ന സമസ്തയുടെ നിലപാട് അംഗീകരിക്കുന്നതായും സമസ്തയുടെ തീരുമാനത്തിന് ഒപ്പം ആണ് ലീഗ് എന്നും സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പള്ളികളില്‍ പ്രതിഷേധം നടത്താനുള്ള തീരുമാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നാരോപിച്ച സാദിഖ് അലി ശിഹാബ് തങ്ങള്‍ ഈ മാസം 10ന് പള്ളികളില്‍ ബോധവല്‍കരണം നടത്തുമെന്നും അറിയിച്ചു.

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരേ പള്ളിയില്‍ പ്രതിഷേധിക്കരുതെന്ന സമസ്ത അധ്യക്ഷന്‍ ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നിലപാടാണ് നിര്‍ണ്ണായകമായത്. പള്ളികള്‍ പ്രതിഷേധത്തിന് വേദിയാവുന്നത് അപകടം ചെയ്യുമെന്നും പള്ളികള്‍ വളരെ ആദരിക്കപ്പെടേണ്ട സ്ഥലമാണെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മതത്തിന്റെ അടയാളമാണ് പള്ളി. പള്ളിയെ മലീമസമാക്കുന്ന, പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒന്നും പള്ളിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതുവരെ ഒരു പ്രതിഷേധം ആലോചിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ ആവില്ലെന്നും കോഴിക്കോട് ചേര്‍ന്ന മുതവല്ലിമാരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു.പാണക്കാട് സാദിഖലി തങ്ങള്‍ കൂടി പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം.

Tags:    

Similar News