ഹിജാബ് നിരോധനത്തിനെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

Update: 2023-02-22 08:02 GMT

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. കര്‍ണാടകയില്‍ അടുത്തമാസം ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷകളില്‍ ഹിജാബ് ധരിച്ച് പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഹരജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് ചന്ദ്രചൂഢ് അറിയിച്ചത്.

ഹിജാബ് നിരോധനം കാരണം തങ്ങളുടെ ഒരുവര്‍ഷത്തെ വിദ്യാഭ്യാസം നഷ്ടമായെന്നും വിദ്യാര്‍ഥിനികള്‍ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ വാദം കേള്‍ക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് നേരത്തെ ഹരജി പരിഗണിച്ചിരുന്നു. രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതോടെ ഹരജികള്‍ മൂന്നംഗ ബെഞ്ചിലേക്ക് വിട്ടിരുന്നു. എന്നാല്‍, ഹരജി പരിഗണിക്കുന്ന ബെഞ്ച് ഇതുവരെയും രൂപീകരിച്ചിട്ടില്ല.

Tags:    

Similar News