രാഹുലിനെ തെക്ക് തുണക്കുമോ?; കണക്കുകള്‍ ഇങ്ങനെ

വയനാട് ചുരം കയറിയെത്തുന്ന രാഹുല്‍ ഗാന്ധി ലക്ഷ്യമാക്കുന്നത് തെക്കേ ഇന്ത്യപിടിക്കാന്‍. 2014 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് തെക്കേ ഇന്ത്യയെ പ്രധാന ലക്ഷ്യമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

Update: 2019-03-31 17:52 GMT

ന്യൂഡല്‍ഹി: വയനാട് ചുരം കയറിയെത്തുന്ന രാഹുല്‍ ഗാന്ധി ലക്ഷ്യമാക്കുന്നത് തെക്കേ ഇന്ത്യപിടിക്കാന്‍. 2014 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് തെക്കേ ഇന്ത്യയെ പ്രധാന ലക്ഷ്യമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. രാജ്യത്ത് ആകെയുള്ള 543 സീറ്റുകളില്‍ 130 സീറ്റുകളാണ് തെക്കേ ഇന്ത്യയില്‍ നിന്നുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ യുപിഎ സഖ്യത്തിന് ലഭിച്ചത് 23 സീറ്റുകള്‍ മാത്രമാണ്. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലിറങ്ങിയത് വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് ശക്തി പകരുമ്പോള്‍ ദക്ഷിണേന്ത്യയിലും സമാന തരംഗം സൃഷ്ടിക്കുന്നതാണ് പുതിയ നീക്കം.

പ്രാദേശിക ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. 2014ല്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന് 36 സീറ്റുകള്‍ നേടാന്‍ സാധിച്ചു. എഴുപതിലേറെ സീറ്റുകളാണ് പ്രാദേശിക പാര്‍ട്ടികള്‍ നേടിയത്. എന്നാല്‍ 2019ല്‍ സാഹചര്യങ്ങളില്‍ വലിയ മാറ്റമാണ് സംഭവച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും കേരളത്തിലും കോണ്‍ഗ്രസ്സിന് അനുകൂല സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദി വിരുദ്ധ വികാരവും ശക്തമാണ്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഇത്തവണ ഉന്നമിട്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് കഴിഞ്ഞ തവണ 12 സീറ്റുകള്‍ നേടിയ യുഡിഎഫ് ഇത്തവണ രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ജെഡിഎസ് സഖ്യത്തിനൊപ്പം ചേര്‍ന്നും തമിഴ്‌നാട്ടില്‍ ഡിഎംകെക്കൊപ്പം സഖ്യമായും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

തമിഴ്‌നാട് തുണക്കും

മോദി വിരുദ്ധ വികാരം ശക്തമായ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിന് അനുകൂല സാഹചര്യമാണുള്ളത്. ജയലളിതക്ക് ശേഷം മികച്ച നേതാക്കളില്ലാത്തത് അണ്ണാ ഡിഎംകെയുടെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്യും.


തമിഴ്‌നാട്ടില്‍ ആകെയുള്ളത് 39 സീറ്റുകളാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ നേടിയത് 37 സീറ്റുകള്‍. എന്നാല്‍ അണ്ണാ ഡിഎംകെ 2014 ലെ പോലെ ശക്തരല്ല. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയിട്ടുണ്ട്.

അതേസമയം, ഇത്തവണ ഡിഎംകെ കൂടുതല്‍ ശക്തരാണ്. ഒപ്പം കോണ്‍ഗ്രസിന്റെ സാന്നിധ്യവും. തമിഴ്‌നാട്ടില്‍ ഡിഎംകെക്കൊപ്പം ചേര്‍ന്ന് ആകെയുള്ള 39 സീറ്റുകളില്‍ ഭൂരിഭാഗവും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എം.കെ.സ്റ്റാലിന്‍ ഒരു നേതാവ് എന്ന നിലയില്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ തന്റേതായ ഇടം രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധവും മുതല്‍ കൂട്ടാണ്.

കര്‍ണാടകയിലും കരുത്തുനേടും



കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിനൊപ്പം സംസ്ഥാന ഭരണം പിടിച്ച കോണ്‍ഗ്രസ്സ് ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലെയല്ല കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 17 സീറ്റുകളാണ് സ്വന്തമാക്കിയത്. ആകെയുള്ള 28 സീറ്റുകളില്‍ കോണ്‍ഗ്രസിന് നേടാനായത് ഒന്‍പത് സീറ്റുകള്‍ മാത്രം. ജെഡിഎസ് രണ്ട് സീറ്റുകളിലൊതുങ്ങി. ഇത്തവണ കര്‍ണാടകയില്‍ ജെഡിഎസിനൊപ്പം സഖ്യമായാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ബിജെപിക്കെതിരെ മികച്ച പോരാട്ടം നടത്താനുള്ള കഴിവ് ഈ സഖ്യത്തിനുണ്ട്. 28 സീറ്റുകളും സ്വന്തമാക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സാധിക്കുമെന്നാണ് ഇരു പാര്‍ട്ടി നേതാക്കളും വിശ്വസിക്കുന്നത്.

ആന്ധ്രയും അനുകൂലം

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കോണ്‍ഗ്രസും ബിജെപിയും കാര്യമായ നേട്ടങ്ങളൊന്നും ഇല്ലാത്തവരാണ്. ആന്ധ്രാപ്രദേശില്‍ ആകെ 25 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ബിജെപി-ടിഡിപി സഖ്യത്തിന് 15 സീറ്റുകള്‍ ഉണ്ടായിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍. ബിജെപിക്കൊപ്പമുണ്ടായിരുന്ന ടിഡിപി ഇന്ന് കോണ്‍ഗ്രസ് പാളയത്തിലാണ്. ഇത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.



2009 ല്‍ ആന്ധ്രാ വിഭജനത്തിന് മുന്‍പുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള 33 സീറ്റുകളുടെ നേട്ടത്തിലാണ്. അന്ന് ആകെയുണ്ടായിരുന്നത് 42 സീറ്റുകളായിരുന്നു.

ആന്ധ്രാപ്രദേശ് വിഭജിച്ച് രൂപംകൊണ്ട തെലങ്കാനയില്‍ 17 സീറ്റുകളാണ് ആകെയുള്ളത്. 2014 ല്‍ 12 സീറ്റുകളും നേടിയത് ടിആര്‍എസ് ആണ്. ടിഡിപയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് തെലങ്കാനയിലും മത്സരിക്കുന്നത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കാര്യമായ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കാത്ത സംസ്ഥാനമാണ് തെലങ്കാന. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രാധാന്യമുള്ള തെക്കേ ഇന്ത്യയില്‍ അവരെ കൂടെ നിര്‍ത്തിയുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം ലക്ഷ്യം കണ്ടാല്‍ വയനാട്ടില്‍ നിന്ന് രാഹുല്‍ പ്രധാനമന്ത്രി കസേരയിലെത്തും.

Tags:    

Similar News