കൗമാരക്കാരുടെ പ്രണയത്തെ തുടർന്ന് ആഗ്രയിൽ വർഗീയ കലാപം

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരുടെ കടകളും മറ്റും തീയിട്ടു.

Update: 2019-09-20 05:54 GMT

ആഗ്ര: കൗമാരക്കാരുടെ പ്രണയത്തെ തുടർന്ന് ആഗ്രയിൽ വർഗീയ കലാപം. ഉത്തർപ്രദേശിലെ സെംറ ഗ്രാമത്തിലാണ് സംഭവം. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക്‌ പോകുകയും പിന്നീട്‌ വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്‌തു. എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ വീടുകളും കടകളും ഒരു സംഘം അഗ്നിക്കിരയാക്കി.

ചൊവ്വാഴ്‌ച ആഗ്രയ്‌ക്കടുത്തുള്ള സെംറ ഗ്രാമത്തിലാണ്‌ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയും പെൺകുട്ടിയെയും കാണാതായ വാർത്ത പരന്നത്. ആൺകുട്ടി പ്ലസ്‌വണ്ണിനും പെൺകുട്ടി ഒമ്പതാംക്ലാസിലുമാണ്‌ പഠിക്കുന്നത്‌. ഡൽഹിയിലേക്ക് പോയ ഇവർ രാത്രി തന്നെ തിരിച്ചെത്തി. രണ്ടുപേരും അടുത്ത പരിചയക്കാരാണെന്ന്‌ വ്യക്തമായതായി പിന്നീട് പോലിസ് അറിയിച്ചു. പോലിസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ആൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

അതേസമയം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരുടെ കടകളും മറ്റും തീയിട്ടു. ഒമ്പതാം ക്ലാസുകാരി സ്‌കൂളിൽനിന്ന്‌ മടങ്ങിയെത്തിയില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ്‌ പോലിസ് അന്വേഷണം തുടങ്ങിയത്‌. അതിനിടെ മുസ്‌ലിം വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ പെൺകുട്ടിയെ കണ്ടതായി ചിലർ പ്രചരിപ്പിച്ചു. നൂറോളം പേർ സംഘടിച്ചെത്തി ഇവിടെ ആക്രമണം നടത്തി. ചില കുടുംബങ്ങൾ നാടുവിട്ടു. 200 പേർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജൂലൈ 2 ന് ആഗ്രയിലെ മന്തോള പ്രദേശത്ത് വർഗീയ സംഘർഷം നടന്നിരുന്നു. സെമ്രയിൽ നടന്ന സംഭവം മന്തോളയിൽ നടന്ന സംഭവത്തിന് സമാനമാണ്. ആക്രമികൾ മാധ്യമ പ്രവർത്തകരെ പോലും മർദ്ദിച്ചു. ഉപമുഖ്യമന്ത്രി ദിനേശ് ശർമ നഗരത്തിൽ ഉണ്ടായിരുന്നെങ്കിലും സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹം സംഘർഷ സ്ഥലത്തേക്ക് പോകാൻ തയാറായില്ല. ഇത് തികച്ചും ലജ്ജാകരമാണെന്നും സമാജ്‌വാദി പാർട്ടി നേതാവ് റൈസുദീൻ പറഞ്ഞു. 

Tags:    

Similar News