'സ്വാതന്ത്ര്യസമര പോരാളികള്‍ക്കൊപ്പം ചെരുപ്പുനക്കിയുടെ ചിത്രം വേണ്ട'; മാളിലെ ചിത്രപ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം മാറ്റിച്ച് യുവാവ്

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരോചിതമായി രക്തസാക്ഷ്യംവരിച്ച നിരവധി മുസ്‌ലിംകളുണ്ടായിരിക്കെ ഒരാളെ പോലും ഉള്‍പ്പെടുത്താതെ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സവര്‍ക്കറുടെ ചിത്രം പ്രദര്‍ശനത്തിന് വച്ചതിനെതിരേയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവായ ആസിഫ് എന്ന യുവാവ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

Update: 2022-08-14 10:45 GMT

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ ഒരു മാളില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സിറ്റിസെന്ററിലെ മാളില്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറുടെ ഫോട്ടോ പതിച്ചതിനെച്ചൊല്ലി വിവാദം.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരോചിതമായി രക്തസാക്ഷ്യംവരിച്ച നിരവധി മുസ്‌ലിംകളുണ്ടായിരിക്കെ ഒരാളെ പോലും ഉള്‍പ്പെടുത്താതെ സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്ത സവര്‍ക്കറുടെ ചിത്രം പ്രദര്‍ശനത്തിന് വച്ചതിനെതിരേയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവായ ആസിഫ് എന്ന യുവാവ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നത്.

തുടര്‍ന്ന് സവര്‍ക്കറുടെ ഫോട്ടോ അധികൃതര്‍ പ്രദര്‍ശനത്തില്‍നിന്ന് ഒഴിവാക്കി. മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശിവമോഗ്ഗയിലെ ബിഎച്ച് റോഡിലെ സിറ്റി സെന്റര്‍ മാളിലാണ് സംഭവം.

അതിനിടെ, പ്രദര്‍ശനത്തില്‍ സവര്‍ക്കറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെതിരേ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. പ്രവര്‍ത്തി സമയത്ത് മാളിലെത്തി ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചാണ് ദൊഡ്ഡപ്പേട്ട് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

Tags: