പോലിസിനെ ആക്രമിച്ച് പിടിച്ചുപറിക്കേസ് പ്രതിയെ രക്ഷിക്കാന്‍ ആര്‍എസ്എസ് ശ്രമം; എസ്‌ഐയ്ക്ക് ഗുരുതര പരിക്ക്

വൈദ്യപരിശോധനക്ക് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം.

Update: 2019-02-07 11:59 GMT

തലശേരി: പോലിസിനെ ആക്രമിച്ച് കസ്റ്റഡിയിലുള്ള ക്രിമിനല്‍ കേസ് പ്രതിയെ മോചിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമം. പിടിച്ചുപറികേസില്‍ അറസ്റ്റിലായ എലാങ്കോട്ടെ കാട്ടീന്റവിട ആദര്‍ശിനെ രക്ഷിക്കാനാണ് ആര്‍എസ്എസ് സംഘം പോലിസുകാര്‍ക്കെതിരേ ആക്രമണം അഴിച്ചുവിട്ടത്. വൈദ്യപരിശോധനക്ക് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം. ജീപ്പില്‍നിന്നിറക്കി പ്രതിയുമായി ആശുപത്രിയിലേക്ക് കടക്കാനൊരുങ്ങവെ പൊടുന്നനെ ആര്‍എസ്എസ് സംഘം ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ പാനൂര്‍ എസ്‌ഐ സന്തോഷ്‌കുമാര്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് ജാമ്യത്തിലുള്ള കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തലശേരി ടൗണ്‍ പോലിസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ദില്‍ഷിത്തിനെ പോലിസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.പാനൂര്‍ കൂറ്റേരി കെ.സി മുക്കിലെ അരുണ്‍ ഭാസ്‌കര്‍, ചെണ്ടയാട് കുന്നുമ്മലിലെ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്ത്, സഹോദരന്‍ ശരത്ത്, എലാങ്കോട്ടെ കാട്ടി അനൂപ്, എലാങ്കോട്ടെ കാട്ടീന്റവിട ആഷിഖ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ആഷിഖിന്റെ സഹോദരനാണ് പിടിച്ചു പറിക്കേസില്‍ അറസ്റ്റിലായ ആദര്‍ശ്.

ബുധനാഴ്ചയാണ് ആദര്‍ശിനെ പോലിസ് അറസ്റ്റു ചെയ്തത്. എലാങ്കോട് വഴി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന ഇരിട്ടി വള്ളിത്തോട് തോട്ടുപാലത്തെ ഹംസയുടെ 1,0,7000 രൂപ പിടിച്ചുപറിക്കാന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. ഇതിനിടയില്‍ വീണ് പരിക്കേറ്റ പ്രതിയെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എക്‌സറേ എടുക്കാന്‍ കൊണ്ടു പോയപ്പോഴാണ് ആക്രമണമുണ്ടായത്.

Tags: