ജെഎന്‍യുവിലെ റോഡിനു സവര്‍ക്കറുടെ പേര് നല്‍കി; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

കഴിഞ്ഞ വര്‍ഷം ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എബിവിപി അനുമതിയില്ലാതെ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു

Update: 2020-03-17 01:17 GMT

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാംപസിലെ റോഡിന് ഗാന്ധിവധത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഹിന്ദുത്വ ആചാര്യന്‍ വി ഡി സവര്‍ക്കറുടെ പേര് നല്‍കിയതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിഷേധം. യൂനിവേഴ്‌സിറ്റി കാംപസില്‍ നിന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലേക്കുള്ള റോഡിനാണ് സവര്‍ക്കറുടെ പേര് നല്‍കിയതെന്ന് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ വൈസ് പ്രസിഡന്റ് സാകേത് മൂണ്‍ പറഞ്ഞു. 'നേരത്തേ റോഡിന് ഒരു പേരും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞായറാഴ്ച രാത്രി, വി ഡി സവര്‍ക്കര്‍ മാര്‍ഗ് എന്ന് നാമകരണം ചെയ്തതായി ഞങ്ങള്‍ കണ്ടെന്ന് മൂണ്‍ പറഞ്ഞു. ജെഎന്‍യു ഭരണവിഭാഗത്തിന്റെ നടപടിയെ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് അപലപിച്ചു.

    സവര്‍ക്കറുടെ പേര് യൂനിവേഴ്‌സിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്നത് ലജ്ജാകരമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, നവംബര്‍ 13ന് നടന്ന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് റോഡിന് സവര്‍ക്കറുടെ പേരിടാനുള്ള തീരുമാനമെടുത്തതെന്ന് രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എബിവിപി അനുമതിയില്ലാതെ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത് ഏറെ വിവാദമായിരുന്നു. ഇത് പിന്നീട് വിദ്യാര്‍ഥികള്‍ നീക്കം ചെയ്തിരുന്നു.




Tags:    

Similar News