പടക്കങ്ങൾ നിറച്ച പൈനാപ്പിൾ നൽകി കൊന്നത് ഗർഭിണിയായ ആനയെ

ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്

Update: 2020-06-03 05:11 GMT

പാലക്കാട്: മൃഗങ്ങൾക്കെതിരായ മനുഷ്യന്റെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ആന ​ഗർഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സര്‍ജന്‍. പടക്കങ്ങൾ നിറച്ച പൈനാപ്പിൾ നൽകിയാണ് ആനയെ കൊന്നത്. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറില്‍. 15 വയസ്സ് തോന്നിക്കുന്ന പിടിയാന മേയ് 27-നാണ് ചരിഞ്ഞത്. ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളിയാറിലെ വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍ നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.

സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ പറഞ്ഞു. 1997-ല്‍ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയില്‍ സമാന രീതിയില്‍ കാട്ടാന ചരിഞ്ഞിരുന്നു.

മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ പുറത്തേക്ക് കൊണ്ടുവന്ന് ചികിൽസ നല്‍കാന്‍ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും ബുധനാഴ്ച വൈകീട്ട് നാലോടെ വെള്ളത്തില്‍ നില്‍ക്കുന്നതിനിടെ ആന ചരിഞ്ഞു.

തുടര്‍ന്ന് വനംവകുപ്പിന്റെ തൃശ്ശൂരിലുള്ള ഫോറസ്റ്റ് സര്‍ജന്‍ ഡോ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ആന ഒരുമാസം ഗര്‍ഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. 

Similar News